മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ  വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും ആശ്വാസം. കേസില്‍ നിന്നു നരഹത്യക്കേസ് തിരുവനന്തപുരം സെഷന്‍സ് കോടതി ഒഴിവാക്കി. മദ്യപിച്ചു വാഹനമോടിച്ചതിനു തെളിവു ഹാജരാക്കാന്‍ സര്‍ക്കാരിനു കഴിയാതെ വന്നതോടെയാണ് കോടതി നടപടി. നരഹത്യക്കേസ് ഒഴിവാക്കിയതോടെ കേസ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്നു മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി.
 
മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ 2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ ഒരു മണിക്ക് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കൊലപ്പെടുത്തിയെന്നതായിരുന്നു എഫ്.ഐ.ആര്‍. എന്നാല്‍ മദ്യപിച്ച് വാഹനമോടിച്ചു എന്നതിനു തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. അപകടം നടന്നയുടനേ രക്ത സാമ്പിള്‍ പരിശോധിക്കണമെന്ന നടപടിക്രമം പൊലീസ് പാലിക്കാത്തതോടെ , ഏറെ വൈകിയെടുത്ത രക്തസാമ്പിളില്‍ മദ്യത്തിന്‍റെ അളവില്ലെന്നായിരുന്നു കെമിക്കല്‍ അനാലിസിസ് ലാബിന്‍റെ റിപ്പോര്‍ട്. ശ്രീറാമിന്‍റെ പേരിലെടുത്ത മനപൂര്‍വമുള്ള നരഹത്യ എന്ന വകുപ്പ് ഒഴിവായി പകരം മനപൂര്‍വമല്ലാത്ത നരഹത്യ എന്ന വകുപ്പിലേക്ക് കേസ് മാറി. ഇതോടെ ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിക്കാന്‍ പ്രേരിപ്പിച്ചു എന്നതടക്കമുള്ള വഫ ഫിറോസിന്‍റെ കുറ്റവും ഒഴിവായി. ഇരുവര്‍ക്കും ഇനി സാധാരണ വാഹനാപകടക്കേസിലെ വിചാരണ മാത്രം നേരിട്ടാല്‍ മതി.

ശ്രീറാമിന്‍റേയും വഫയുടേയും വിടുതല്‍ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടായിരുന്നു സെഷന്‍സ് കോടതിയുടെ ഉത്തരവ്. വാഹനമോടിച്ചതു താനല്ലെന്നും ഒപ്പമുണ്ടായിരുന്നെന്ന പേരില്‍ പ്രതിയാക്കാന്‍ കഴിയില്ലെന്നും കേസില്‍ നിന്നും ഒഴിവാക്കണമെന്നായിരുന്നു വഫയുടെ ആവശ്യം. രക്തത്തില്‍ മദ്യത്തിന്‍റെ അളവുകണ്ടെത്താനായില്ലെന്നും മദ്യപിച്ച് വാഹനമോടിച്ചതിന്‍റെ തെളിവില്ലെന്നും കൊലപാതക കേസില്‍ നിന്നു ഒഴിവാക്കണമെന്നും ആവശ്യപ്പട്ട് ശ്രീറാമും പിന്നാലെ കോടതിയെ സമീപിക്കുകയായിരുന്നു.  2020 ഫെബ്രുവരി മൂന്നിനാണ് പ്രത്യേക അന്വേഷണസംഘം ശ്രീറാമിനേയും വഫയേയും പ്രതികളാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.