കൊല്ലം കിളികൊല്ലൂരില്‍ പൊലീസ് സ്റ്റേഷനില്‍ മര്‍ദനം നടന്നെന്ന് സ്ഥിരീകരിച്ച് അന്വേഷണ റിപ്പോര്‍ട്ട്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പെടെ നാല് പൊലീസുകാരുെട നേതൃത്വത്തിലായിരുന്നു മര്‍ദനമെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാല് ഉദ്യോഗസഥര്‍ക്കെതിരെയും വകുപ്പുതല അന്വേഷണവും സ്ഥലംമാറ്റവും ഉടനുണ്ടാകും. പൊലീസിന്റെ മുഖഛായ കൂടുതല്‍ ജനകീയമാക്കാന്‍ സാധിച്ചതാണ് നേട്ടമെന്ന് ആവര്‍ത്തിച്ച് പ്രസംഗിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസുകാരെ  നല്ലപെരുമാറ്റം പഠിപ്പിക്കാന്‍ മൂന്നാഴ്ച മുന്‍പും മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. മുഖ്യമന്ത്രി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അതേ പൊലീസിനാകെ നാണക്കേടാകുന്നതാണ് മക്കളെ തല്ലിച്ചതച്ച നിയമപാലകരെ ഓര്‍ത്തുള്ള ഈ അമ്മയുടെ നിലവിളി.

 

സഹോദരങ്ങളെ മര്‍ദിക്കുകയും കള്ളക്കേസുണ്ടാക്കി ജയിലിലടക്കുകയും ചെയ്തിട്ടും സി.ഐ ഉള്‍പ്പടെ തെറ്റുചെയ്തവരെ സംരക്ഷിക്കാന്‍ ശ്രമിച്ച പൊലീസ് സേനയ്ക്ക് മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ നിലപാട് മാറ്റേണ്ടിവന്നു. മുഖ്യമന്ത്രിയുടെ ഓഫീസും ഡി.ജി.പിയും ഇടപെട്ടതോടെ കൊല്ലം കമ്മീഷണര്‍ പൊലീസിനെതിരെ റിപ്പോര്‍ട്ട് നല്‍കി. സഹോദരങ്ങളെ സ്റ്റേഷനിലിട്ട് മര്‍ദിച്ചു. സഹോദരങ്ങളുമായുള്ള വാക്കുതര്‍ക്കമാണ് മര്‍ദനത്തിലെത്തിയത്. സഹോദരങ്ങളും ഒരു പൊലീസുകാരനെ മര്‍ദിച്ചു. പക്ഷെ ആ വിഷയം നിയമപരമായി കൈകാര്യം ചെയ്യുന്നതില്‍ സി.ഐ, എസ്.ഐ  ഉള്‍പ്പെടെ നാല് പേര്‍ക്ക് വീഴ്ചപറ്റിയെന്നുമാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സി.ഐ വിനോദിനെ സ്ഥലംമാറ്റും. ക്രമസമാധാന ചുമതലകളില്‍ നിന്നൊഴിവാക്കും. എസ്.ഐ ഉള്‍പ്പെടെ മൂന്ന് പേരെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റും. നാല് പേര്‍ക്കെതിരെയും ഗുരുതര വീഴ്ചയ്ക്കുള്ള വകുപ്പുതല അന്വേഷണവും നടത്തും.

 

Investigation report confirmed that atrocity took place at the Kilikollur police station