rajendran-22

എം.എം മണിക്കെതിരെ രൂക്ഷ വിമർശനവുമായി ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. മണിയുള്ള പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അംഗത്വം പുതുക്കുന്നില്ലെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു. മൂന്നാർ സർവീസ് സഹകരണ ബാങ്കിന്റെ പേരിലുള്ള സിപിഎം നേതാക്കളുടെ ഇടപാടുകൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിക്കെതിരെ പ്രവർത്തിച്ചത് കൊണ്ടാണ് എസ്.രാജേന്ദ്രനെ പുറത്താക്കിയത് എന്നായിരുന്നു എം.എം.മണിയുടെ പ്രതികരണം.

തന്നെ പുറത്താക്കാൻ നേതൃത്വം കൊടുത്തത് എംഎം മണിയാണ്. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. കൂട്ടത്തിലുള്ള ആളുകളെ കള്ളക്കേസിൽ കുടുക്കുന്നുവെന്നും, സിപിഎമ്മിന്റെ പ്രാദേശിക ഘടകത്തിന്റെ അറിവോടെയാണിതെന്നും രാജേന്ദ്രൻ.

രണ്ടുവർഷം മുമ്പ് സിപിഎം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്ക് 29.5 കോടി രൂപ മുടക്കി റിസോർട്ട് വാങ്ങിയിരുന്നു. ബാങ്കിനെതിരെയും ഭരണസമിതിക്കെതിരെയും ഹൈക്കോടതിയിൽ അടക്കം കേസ് നിലനിൽക്കുന്നതിനിടെ നടത്തിയ സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്നും രാജേന്ദ്രൻ പറഞ്ഞു. വളർത്തിയ പാർട്ടിക്കെതിരെയാണ് എസ് രാജേന്ദ്രന്റെ പ്രവർത്തനം എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം. എസ്. രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് കഴിഞ്ഞദിവസം എം.എം. മണി നടത്തിയ പ്രസംഗമാണ് വീണ്ടും വാക്പോര് രൂക്ഷമാക്കിയത്.

 

Not interested in working with M M Mani anymore says EX MLA S.Rajendran