കൊച്ചി എളംകുളത്ത് യുവതിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞ പ്രതിയെ തേടി അന്വേഷണസംഘം നേപ്പാളിലേക്ക് തിരിച്ചു. കൊല്ലപ്പെട്ട നേപ്പാളുകാരി ഭഗീരഥിയുടെ ബന്ധുക്കളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. നേപ്പാളുകാരനായ പ്രതി കൊച്ചിയില്‍ താമസിച്ചത് വ്യാജ പേരിലാണ്. ഭഗീരഥിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ കൊച്ചിയിലെത്തി. 

ഭഗീരഥിയുടെ ഒപ്പം കൊച്ചിയിലെ വാടക മുറിയിൽ താമസിച്ചിരുന്ന റാം ബഹദൂർ ബിസ്തിനായാണ് അന്വേഷണം.  കൊലപാതകശേഷം ഈ മാസം ഇരുപതിന് കൊച്ചിവിട്ട റാം ബഹദൂർ നേപ്പാളിലുണ്ടെന്നാണ് വിവരം. മഹാരാഷ്ട്ര സ്വദേശികളാണെന്ന് പരിചയപ്പെടുത്തിയാണ് ഇരുവരും കൊച്ചിയിൽ താമസിച്ചിരുന്നതെങ്കിലും നേപ്പാൾ സ്വദേശികളാണെന്ന് പ്രതിയെ ആദ്യഘട്ടത്തിൽ തന്നെ ബോധ്യപ്പെട്ടു. കൊല്ലപ്പെട്ട യുവതിയുടെ വീട്ടുകാരെ കണ്ടെത്തിയ  സൗത്ത് പൊലീസിന് പ്രതിയെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചു. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച പൊലീസ് ഇന്ത്യ നേപ്പാൾ അതിർത്തിയിലെ സുരക്ഷാ സേനയ്ക്കും വിവരം കൈമാറിയിട്ടുണ്ട്. റാം ബഹദൂർ എന്ന പേര് വ്യാജമാണെന്നും പൊലീസ് കണ്ടെത്തി. 

കൊല്ലപ്പെട്ട ഭഗീരഥി ധാമിയുടെ ബന്ധുക്കൾ വ്യാഴാഴ്ച കൊച്ചിയിലെത്തി.  മാതാപിതാക്കൾ വിവരം അറിയച്ചതിനെ തുടർന്ന് ബംഗ്ലൂരുവിൽ ജോലി ചെയ്തിരുന്ന സഹോദരങ്ങളാണ് എത്തിയത്. മാതാപിതാക്കളുടെ അനുമതി തേടിയ ശേഷം മൃതദേഹം ഇവർക്ക് കൈമാറും. പോസ്റ്റ്മോർട്ടത്തിനുശേഷം കളമശ്ശേരി മെഡിക്കൽ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. കൊല്ലപ്പെട്ട യുവതിയും ഒളിവിൽ പോയ റാം ബഹദൂറും പരിചയക്കാരും ഒരേ നാട്ടുകാരുമാണ്. ഭഗീരഥിയുടെ കൊലപാതത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് ബന്ധുക്കൾക്കും ഒരു സൂചനയുമില്ല.