TAGS

കേന്ദ്ര ഏജന്‍സികളുമായി സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. പൊലീസ് യൂണിഫോം ഏകീകരിക്കാന്‍ ഒരു രാജ്യം ഒരു യൂണിഫോം എന്ന മുദ്രാവാക്യം മോദി മുന്നോട്ടുവച്ചു. യുഎപിഎയെ ശക്തമായി പിന്തുണച്ചു. ഇന്ത്യ വളരുന്നത് ചില രാജ്യങ്ങള്‍ക്ക് സഹിക്കുന്നില്ലെന്ന് മോദി പറഞ്ഞു. പേന ഉപയോഗിക്കുന്ന മാവോയിസ്റ്റുകളെയും നേരിടണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ആഭ്യന്തരസുരക്ഷ യോഗത്തിന്‍റെ രണ്ടാം ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തില്ല.

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കേരളവും ബംഗാളും അടക്കം വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിമാരും ആഭ്യന്തരമന്ത്രിമാരും പങ്കെടുക്കുന്ന സൂരജ്കുണ്ഡിലെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാന പരാമര്‍ശം നടത്തിയത്. കേന്ദ്ര ഏജന്‍സികളുമായി സംസ്ഥാനങ്ങള്‍ സഹകരിക്കണം. അധികാരത്തെച്ചൊല്ലിയോ, വലുപ്പച്ചെറുപ്പത്തെപ്പറ്റിയോ തര്‍ക്കിക്കരുത്. 

പൊലീസിനെക്കുറിച്ച് ജനങ്ങള്‍ക്കുള്ള കാഴ്ച്ചപ്പാടില്‍ ഗുണപരമായ മാറ്റമുണ്ടാകാന്‍ ഭരണനേതൃത്വം ഇടപെടണം. 5ജിയുടെ വരവോടെ കുറ്റകൃത്യങ്ങളുടെ സ്വഭാവവും വേഗവും മാറും. അതിനാല്‍ സൈബര്‍ സുരക്ഷയില്‍ കൂടുതല്‍ ജാഗ്രതവേണം. സാങ്കേതിക വിദ്യയുടെ പ്രയോഗത്തിന് ബജറ്റ് തടസമാകരുത്. ഭീകരത തടയാന്‍ യുഎപിഎ സുപ്രധാനപങ്കുവഹിച്ചുവെന്ന് മോദി പറഞ്ഞു. സംസ്ഥാനങ്ങളിലെ പൊലീസ് യൂണിഫോം ഏകീകരിക്കുന്നത് സാമ്പത്തിക നേട്ടത്തിനും ഗുണമേന്മയ്ക്കും വഴിയൊരുക്കും. ഒരു രാജ്യം ഒരു യൂണിഫോം നടപ്പാക്കണം. വ്യാജസന്ദേശങ്ങള്‍ കാര്യക്ഷമമായി തടയണം. തോക്ക് ഉപയോഗിക്കുന്ന മാവോയിസ്റ്റുകള്‍ക്കു പുറമേ പേന ഉപയോഗിക്കുന്ന മാവോയിസ്റ്റുകളെയും ശക്തമായി നേരിടണം. സൈദ്ധാന്തിക മാവോയിസ്റ്റുകള്‍ രാജ്യത്ത് ഭിന്നതയുണ്ടാക്കുന്നു. ഭാവി തലമുറയെ വഴിതെറ്റിക്കുന്നു. ഇവര്‍ക്ക് രാജ്യാന്തരതലത്തില്‍ വലിയ പിന്തുണയുണ്ട്. ഇവര്‍ സാത്വികരും നിയമത്തിന്‍റെ ഭാഷ സംസാരിക്കുന്നവരുമാെണന്ന് മോദി പറഞ്ഞു. ഇന്നലെ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പങ്കെടുത്തില്ല.