പരാതിക്കാരിയെ അഭിഭാഷകന്‍റെ ഓഫീസില്‍ വെച്ച് മര്‍ദിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുെടെ അഭിഭാഷകനെ അടക്കം നാലുപേരെ കൂടി പ്രതിയാക്കി പൊലീസ്.  ബലാല്‍സംഗകേസില്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള  സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍  ഹൈക്കോടതി  എല്‍ദോസ് കുന്നപ്പള്ളിക്ക് ‌നോട്ടീസയച്ചു.  എല്‍ദോസിനെ പരാതിക്കാരിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുത്തു. വൈകിട്ട് അഞ്ചുമണിയോടെയാണ് എല്‍ദോസ് കുന്നപള്ളിലിനെ പരാതിക്കാരി താമസിച്ചിരുന്ന പേട്ടയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തത്. റോഡില്‍ നിന്ന് ഇരുന്നൂറ് മീറ്ററോളം നടന്നാണ് എല്‍ദോസുമായി പൊലീസ് പരാതിക്കാരിയുടെ വീട്ടിലെത്തിയത്. വീടുനുള്ളില്‍ എത്തിച്ച് ക്രൈംബ്രാ‍ഞ്ച് തെളിവുകള്‍ രേഖപ്പെടുത്തി.

 

അഭിഭാഷകന്റെ ഓഫീസില്‍ പരാതിക്കാരിയെ മര്‍ദിച്ചെന്ന കേസില്‍ എല്‍ദോസിനെ കൂടാതെ അഭിഭാഷകരായ കുറ്റിയാനി സുധീര്‍, അലക്സ്, ജോസ്, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ രാഗം രാധാകൃഷ്ണന്‍ എന്നിവരെ പ്രതിചേര്‍ത്താണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട് നല്‍കിയത്. കേസില്‍ എല്‍ദേസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം ജില്ലാ കോടതി കേസ് 31ലേക്ക് മാറ്റി. അതേസമയം നേരത്തെ മജിസ്ട്രേറ്റിനു നല്‍കിയ മൊഴിയിലും അഭിഭാഷകര്‍ക്കെതിരെ പരാതിയില്ലെന്നും കള്ളക്കേസാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തതെന്നും അഭിഭാഷകന്‍ കുറ്റിയാനി സുധീര്‍ ആരോപിച്ചു. ബലാല്‍സംഗ കേസില്‍ എല്‍ദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മുന്‍കൂര്‍  ജാമ്യം റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. വധശ്രമത്തിനും ബലാല്‍സംഗത്തിനും വ്യക്തമായ തെളിവുണ്ടെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജയില്‍ പറയുന്നു.  

 

Beating up the complainant in the lawyer's office, the police made four more accused, including the lawyer of Eldhos Kunnappilly MLA