മൃഗങ്ങളുമായി ഇടിച്ച് വീണ്ടും വന്ദേഭാരത് എക്സ്പ്രസിന്റെ മുൻഭാഗം തകർന്നു. മുംബൈയിൽ വച്ചാണ് ട്രാക്കിലേക്കെത്തിയ കാളയെ ട്രെയിൻ ഇടിച്ചത്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് വന്ദേഭാരത് എക്സ്പ്രസ് മൃഗങ്ങളുമായി ഇടിച്ച് അപകടം സംഭവിക്കുന്നത്. മുംബൈയിൽ നിന്ന് ഗുജറാത്തിലെ ഗാന്ധി നഗറിലേക്ക് പോയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. മുംബൈ സെൻട്രൽ ഡിവിഷനു സമീപം ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ഒരുമാസത്തിനിടെ മൂന്നാമത്തെ സംഭവമാണിത്.
ഗാന്ധിനഗര്‍- മുംബൈ റൂട്ടില്‍ തന്നെ മുൻപ് പോത്തുകളും പശുവുമായി ഇടിച്ച് ട്രെയിന്റെ മുൻഭാഗം തകർന്നിരുന്നു. ഇത്തവണയും ട്രെയിന് മുന്നിലെ ഫൈബർ കവചത്തിനാണ് ചെറിയ തകരാർ സംഭവിച്ചത്. കന്നുകാലികളെ ഇടിച്ചതിനെ തുടർന്ന് വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിന് തകരാർ സംഭവിച്ചതിൽ പോത്തുകളുടെ ഉടമകൾക്കെതിരെ അന്ന് കേസെടുത്തിരുന്നു. ആർപിഎഫ് ആണ് കേസെടുത്തിരിക്കുന്നത്.