cpm-cc-3

 

 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഗവര്‍ണര്‍ക്കെതിരായ നീക്കങ്ങള്‍ സിസി നാളെ വിശദമായി ചര്‍ച്ച ചെയ്യും. പൊളിറ്റ് ബ്യൂറോയിലേയ്ക്ക് പുതിയ അംഗത്തെ ഉള്‍പ്പെടുത്തുന്നതിലും നാളെ തീരുമാനം ഉണ്ടായേക്കും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് സാധ്യത കൂടുതല്‍.

 

ഗവര്‍ണറോട് സമവായത്തിന്‍റെ പാതവേണ്ടെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ പൊതുരാഷ്ട്രീയ സാഹചര്യത്തിന്മേലുള്ള ചര്‍ച്ചയില്‍ പല അംഗങ്ങളും അഭിപ്രായപ്പെട്ടത്. ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാട് ഫെഡറല്‍ തത്ത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും എതിരാണെന്ന് വിമര്‍ശനം ഉയര്‍ന്നു. കേരള സര്‍ക്കാരിന് പാര്‍ട്ടി പൂര്‍ണപിന്തുണ നല്‍കും. രാഷ്ട്രീയമായ പ്രതിരോധം തീര്‍ക്കും. വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ നടത്തുന്ന ഏറ്റുമുട്ടലിനെതിരെ പ്രതിപക്ഷപ്പാര്‍ട്ടികളെ ഒപ്പം നിര്‍ത്തുന്നത് പരിഗണിക്കും. ഗവര്‍ണര്‍ പദവി ഒഴിവാക്കുന്നതും പാര്‍ട്ടി പരിശോധിക്കും.

 

പൊളിറ്റ് ബ്യൂറോയിലേയ്ക്ക് പുതിയ അംഗത്തെ ഉള്‍പ്പെടുത്തുന്നത് നാളെ പിബി ചര്‍ച്ചചെയ്ത് നിര്‍ദേശം കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടും. കേരളത്തില്‍ പാര്‍ട്ടി ഭരണത്തിലിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം.വി ഗോവിന്ദന്‍ പൊളിറ്റ് ബ്യൂറോയിലെത്തിയേക്കും. സീനിയോരിറ്റിയില്‍ ഇ പി ജയരാജനുമുണ്ട്. കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തോടെ പൊളിറ്റ്ബ്യൂറോയില്‍ ഒഴിവ് വന്ന സാഹചര്യത്തില്‍ പുതിയ അംഗത്തെ ഉള്‍പ്പെടുത്തുന്നതില്‍ കേരളഘടത്തിന് ആവശ്യം മുന്നോട്ടുവയ്ക്കാം.

 

CPM central committee against governor Arif Mohammed Khan