പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്നും, സുരക്ഷയിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നും റൂറൽ എസ്.പി, ഡി. ശിൽപ പറഞ്ഞു .കേസിൽ കൂടുതൽ പ്രതികളുണ്ടായേക്കുമെന്നാണ് സൂചന. സ്വകാര്യ ദൃശ്യങ്ങൾ പ്രതിശ്രുത വരന് കൈമാറുമെന്ന ഭയമമാണ് ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നു ഗ്രീഷ്മ തുടർ ചോദ്യംചെയ്യലിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഗ്രീഷ്മയുടെ  ആത്മഹത്യാ ശ്രമം നാടകമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

രാത്രി വൈകുംവരെ ചോദ്യം ചെയ്യലിനുശേഷം രാത്രി ഒന്നരയ്ക്ക് നെടുമങ്ങാട് സ്റ്റേഷനിലേക്ക് ഗ്രീഷ്മയെ അന്വേഷണ സംഘം എത്തിച്ചു. അവിടെ ചോദ്യം ചെയ്യലിനിടെ ശുചി മുറിയിൽ പോകണമെന്നു ആവശ്യപ്പെട്ടു. നേരത്തെ സുരക്ഷാ പരിശോധനയടക്കം പൂർത്തിയായ ശുചി മുറിയിലേക്ക് കൊണ്ടുപോകാതെ മറ്റൊരു ശുചി മുറിയിലേക്കാണ് ഗ്രീഷ്മയെ കൊണ്ടുപോയത്. അവിടെ സൂക്ഷിച്ചിരുന്ന അണുനാശിനി യുവതി കുടിക്കുകയായിരുന്നു. തിരികെ എസ്.പി ഓഫിസിലേക്ക് എത്താൻ ജീപ്പിൽ കയറുന്നതിനിടെ ഗ്രീഷ്മ ഛർദിക്കുകയും ,ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജിലെത്തിച്ചു. സുരക്ഷാവീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നു റൂറൽ എസ്.പി, ഡി. ശിൽപ വ്യക്തമാക്കി.

വളരെ കുറഞ്ഞ അളവിലാണ് ഇവർ അണുനാശിനി കുടിച്ചതെന്നും , അന്വേഷണ സംഘത്തെ ഭയപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യമെന്നും ക്രൈംബ്രാഞ്ച് പറയുന്നു. മാത്രമല്ല ചോദ്യം ചെയ്യലിനു എത്തുംമുൻപ് എങ്ങനെയാണ് ചോദ്യം ചെയ്യലെന്നു ഗൂഗിളിൽ സെർച്ച് ചെയ്ത് മനസിലാക്കിയിരുന്നു. മാതാപിതാക്കളേയും എങ്ങനെയാണ് ചോദ്യം ചെയ്യലിനോടു പ്രതികരിക്കേണ്ടതെന്നു പറഞ്ഞു നൽകുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്താൽ എന്ത് നടപടി സ്വീകരിക്കണമെന്നു അറിയാമെന്നും ഇന്നലെ രാത്രി അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നു.അസാമാന്യ ധൈര്യത്തോടെയാണ് ചോദ്യം ചെയ്യലിൽ ഗ്രീഷമ പ്രതികരിച്ചത്. ഷാരോണിന്റെ പക്കൽ തന്റെ സ്വകാര്യ ചിത്രങ്ങളുണ്ടായിരുന്നുവെന്നും ഇത് തിരികെ ചോദിച്ചിട്ടും ഷാരോൺ നൽകിയില്ലെന്നും ഗ്രീഷ്മ മൊഴി നൽകി. ഇതു വൈരാഗ്യമായി. തുടർന്നാണ് വിഷം നൽകാൻ തീരുമാനിച്ചത്. മാതാപിതാക്കളുൾപ്പെടെ ആർക്കും കൊലപാതകത്തിൽ പങ്കില്ലെന്നാണ് ഗ്രീഷ്മ ആവർത്തിച്ചത്.എന്നാൽ അമ്മ, അമ്മാവൻ ,കസ്റ്റഡിയിലുള്ള അടുത്ത ബന്ധു എന്നിവർക്ക് കുറ്റത്തിൽ പങ്കുണ്ടെന്നതിനുള്ള സൂചന ലഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ നിന്നിറങ്ങി ഗ്രീഷ്മയെ ഒരു തവണ കൂടി ചോദ്യം ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്വേഷണ സംഘത്തിന്റെ തുടർ നടപടികൾ. അതേ സമയം മജിസ്ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. ഡോക്ടർമാരുടെ അനുമതി ലഭിച്ചാൽ ഇന്നുതന്നെ ഗ്രീഷ്മയെ റൂറൽ എസ്.പി ഓഫിസിലേക്ക് മാറ്റിയേക്കും.

 

Sharon murder case accused admitted in trivandrum medical college