പാറശാല ഷാരോണിന്‍റെ കൊലപാതകം ഗ്രീഷ്മയുടെ അമ്മയും അമ്മാവനും അറിഞ്ഞെന്ന് പ്രാഥമിക നിഗമനം. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഗ്രീഷ്മയ്ക്കെതിരെ ആത്മഹ്യാശ്രമത്തിനും കേസെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ഗ്രീഷ്മയെ നെയ്യാറ്റിന്‍കര മജിസ്ട്രേട്ട്, ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തു. കൊലപാതകം നടന്നത് തമിഴ്നാട്ടിലായതിനാൽ കേസന്വേഷണത്തിൽ പൊലീസ് നിയമോപദേശം തേടി.

 

കഷായത്തിൽ ഗ്രീഷ്മ കളനാശിനി കലർത്തി ഷാരോണിനു നൽകുന്നത് അമ്മയ്ക്കും അമ്മാവനും അറിവുണ്ടായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. കളനാശിനി വാങ്ങിയത് കൊലപാതകത്തിനു വേണ്ടിയായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷവും ഇരുവരേയും ചോദ്യം ചെയ്തു. തെളിവു നശിപ്പിക്കുന്നതിനായി കഷായം കൊണ്ടുവന്ന കുപ്പി സമീപത്തുള്ള റമ്പർ കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നാണ് മൊഴി. ഇരുവരേയും പാറശാലയ്ക്കു സമീപത്തുള്ള പൂമ്പള്ളിക്കോണത്തെത്തിച്ച് തെളിവെടുക്കുന്നു

 

കഴിഞ്ഞ ദിവസം നെടുമങ്ങാട് സ്റ്റേഷനിലെ ശുചി മുറിയിലെ അണുനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയ്ക്കെതിരെ ആത്മഹത്യാശ്രമത്തിനും കേസെടുത്തു. സുരക്ഷാവീഴ്ച വരുത്തിയ പൊലീസുകാരെ കഴിഞ്ഞ ദിവസം സസ്പെന്റു ചെയ്തിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ഗ്രീഷ്മയുടെ റിമാൻഡ് നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിലെത്തി രേഖപ്പെടുത്തി. ഇവരെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്യണമോയെന്ന കാര്യത്തിൽ അല്പ സമയത്തിനകം മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും. അതേസമയം കൊലപാതകം നടന്നത് തമിഴ്നാട്ടിലായതിനാൽ അന്വേഷണത്തിനു സംസ്ഥാന പൊലീസിനു നിയമപ്രശ്നങ്ങളുണ്ടോയെന്നറിയാൻ നിയമോപദേശം തേടിയിട്ടുണ്ട്. ഷാരോൺ  മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണെങ്കിലും കൊലപാതകം നടന്ന ഗ്രീഷ്മയുടെ വീട് തമിഴ്നാട്ടിലാണ്. ഇതു നിയമക്കുരുക്കാകുമോയെന്നാണ് പരിശോധന

 

Sharon's murder with the support of Greeshma's mother and uncle