TAGS

ഗുജറാത്തിലെ തൂക്കപാലം അപകടത്തിൽ രാജ്യം നടുങ്ങുമ്പോൾ കർണാടകയിൽ തൂക്കപാലത്തിലേക്ക് കാർ ഓടിച്ച് കയറ്റി യുവാക്കളുടെ സാഹസം. ഒടുവിൽ നാട്ടുകാർ രോഷത്തോടെ ഇടപെട്ടതോടെ യുവാക്കൾ കാർ തൂക്കുപാലത്തിൽ നിന്നും മാറ്റി. 

 

കർണാടകയിലെ പ്രധാനപ്പെട്ട സഞ്ചാര കേന്ദ്രമായ യെല്ലാപുരയിലെ ശിവപുര പാലത്തിലേക്കാണ് യുവാക്കൾ മാരുതി 800 കാർ ഓടിച്ചുകയറ്റിയത്. ഇവർ മഹാരാഷ്ട്രയിൽ നിന്നെത്തിയ സഞ്ചാരികൾ ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. കാർ തൂക്കുപാലത്തിലേക്ക് ഓടിച്ചുകയറ്റുന്നത് കണ്ട് നാട്ടുകാർ ഇടപെടുകയായിരുന്നു. ഇതോടെ യുവാക്കൾ പിൻമാറി. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

അതേസമയം ഗുജറാത്തിലെ മോർബിയിൽ മച്ചുനദിയിലെ തൂക്കുപാലം തകർന്നുണ്ടായ അപകടസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. രക്ഷാപ്രവർത്തനം തുടരുന്ന മച്ചുനദിക്കു മുകളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. അപകടത്തിൽ പരുക്കേറ്റവർ ചികിത്സയിൽ കഴിഞ്ഞ മോർബി സിവിൽ ആശുപത്രിയും മോദി സന്ദർശിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ഉന്നതതല യോഗം ചേരും.

 

അപകടത്തിൽ ഇതുവരെ 135 പേരാണ് മരിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടവുമായി ബന്ധപ്പെട്ട് ഒൻപതു പേരെ അറസ്റ്റ് ചെയ്തു. പാലത്തിന്റെ അറ്റകുറ്റപ്പണികളുടെയും നടത്തിപ്പിന്റെയും ചുമതല വഹിച്ച ഒറിവ ഗ്രൂപ്പിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കേസെടുത്തു.

തലസ്ഥാനമായ ഗാന്ധിനഗറിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മോർബിയിലുള്ള പാലം ഞായറാഴ്ച വൈകിട്ട് 6.30 നാണ് തകർന്നത്. 1877 ൽ നിർമിച്ച 233 മീറ്റർ നീളമുള്ള പാലം 7 മാസത്തെ അറ്റകുറ്റപ്പണികൾക്കു ശേഷം 26 നാണു തുറന്നത്. പാലത്തിന് മുനിസിപ്പാലിറ്റിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ലെന്നു റിപ്പോർട്ടുണ്ട്. മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാലത്തിൽ ഞായറാഴ്ച ആയതിനാൽ നല്ല തിരക്കായിരുന്നു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഏറെയുണ്ട്.