കാനകളിലേക്ക് സ്ഥിരമായി മാലിന്യം തള്ളി നീരൊഴുക്ക് തടസപ്പെടുത്തുന്ന അഞ്ച് ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ കൊച്ചി നഗരസഭ ഉത്തരവ്. വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ഹൈക്കോടതി വീണ്ടും നല്‍കിയ കര്‍ശന നിര്‍ദേശത്തിന് പിന്നാലെയാണ് നഗരസഭ നടപടി തുടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച പെയ്ത മഴയിലും നഗരഹൃദയത്തിന്റെ പലയിടങ്ങളും വെള്ളക്കെട്ടിലായതോടെ നഗരസഭ പ്രതിരോധത്തിലായിരുന്നു. 

 

ഒന്ന് മഴ പെയ്താല്‍ എം.ജി റോഡിലുണ്ടാകുന്ന വെള്ളക്കെട്ടിന്റെ മുഖ്യപങ്ക് നഗരത്തിലെ കാനകളിലേക്ക് മാലിന്യം ഒഴുക്കുന്ന ചില ഹോട്ടലുകാരാണെന്ന് നഗരസഭ നേരത്തെതന്നെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒാണക്കാലത്ത് രാത്രി കാന പൊളിച്ച് പരിശോധിച്ചപ്പോള്‍ നീരൊഴുക്ക് തടസപ്പെടുത്തി അടിഞ്ഞ‌ു കിടന്ന മാലിന്യം നഗരസഭ നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ഒരു കൂസലുമില്ലാതെ മാംസാവശിഷ്ടം ഉള്‍പ്പടെ സ്ഥിരമായി കാനയിലേക്ക് തള്ളിയതോടെയാണ് അഞ്ച് ഹോട്ടലുകള്‍ പൂട്ടാന്‍ നഗരസഭ ഉത്തരവിട്ടത്. നഗരസഭാ പറഞ്ഞിട്ടുള്ള മാനദണ്ഡപ്രകാരം മാലിന്യനിര്‍മാര്‍ജനത്തിന് അടക്കം നടപടി സ്വീകരിച്ചാലെ ഈ ഹോട്ടലുകള്‍ ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കു. ഇതിനകം പല ഹോട്ടലുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടും കൂസാക്കാതെയുള്ള പ്രവര്‍ത്തനം തുടരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.  

 

kochi corporation to shutdown five hotels in city