വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത. നാളെ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കും, തുടര്‍ സമരപരിപാടികളും നാളെ പ്രഖ്യാപിക്കും. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം തിരിച്ചറിയണമെന്നും സമരസമിതി പറഞ്ഞു.
എന്നാൽ വിഴിഞ്ഞത്ത് ചിലര്‍ മനഃപൂര്‍വം സംഘര്‍ഷം ഉണ്ടാക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. രാജ്യശ്രദ്ധ പിടിച്ചുപറ്റാനാണ് വിഴിഞ്ഞം സമരസമിതി ശ്രമിക്കുന്നത്. സമരസമിതിയില്‍ പല അഭിപ്രായമുള്ളതിനാലാണ് പ്രശ്നപരിഹാരം ഉണ്ടാകാത്തത്. രണ്ടു ദിവസമായി സമരക്കാരുമായി സംസാരിക്കാന്‍ ചീഫ് സെക്രട്ടറി ശ്രമിച്ചുവരികയാണെന്നും മന്ത്രി തിരുവനന്തപുരത്തു പറഞ്ഞു.
അതിനിടെ വിഴിഞ്ഞം തുറമുഖനിര്‍മാണപ്രദേശത്തേക്ക് നിര്‍മാണസാമഗ്രികള്‍ എത്തിക്കാനുള്ള ശ്രമത്തിനിടെ വന്‍ സംഘര്‍ഷമാണ് ഇന്ന് അരങ്ങേറിയത്. വിഴിഞ്ഞം സമരക്കാരും സമരത്തെ എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. മൂന്നരമണിക്കൂര്‍ നീണ്ടുനിന്ന സംഘര്‍ഷത്തില്‍ ഇരുഭാഗത്തു നിന്നും കല്ലേറുണ്ടായി. പൊലീസുകാര്‍ക്കുള്‍പ്പടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് പാറയുമായി എത്തിയ ലോറികള്‍ പൊലീസ് മടക്കി അയച്ചു. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം തുടരുകയാണ്.
Latin Archdiocese will continue to protest against Vizhinjam port