2022 ലെ വാര്‍ത്താതാരത്തെ കണ്ടെത്താനുള്ള മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. പത്തുപേരുടെ പ്രാഥമികപട്ടിക പ്രഖ്യാപനം ഇന്ന് രാത്രി 9.30ന് മനോരമ ന്യൂസില്‍. വിഡിയോ റിപ്പോർട്ട് കാണാം.
വാര്‍ത്തകളുടെ ലോകത്ത് 2022 ല്‍ തിളങ്ങിനിന്ന മുഖങ്ങള്‍ അനവധി. അവരില്‍നിന്ന് ആരാകും 2022ലെ വാര്‍ത്താ താരം. 2006 ല്‍ വി.എസ്. അച്യുതാനന്ദനില്‍ തുടങ്ങി 2021ല്‍ കെ.സുധാകരനില്‍ എത്തി നില്‍ക്കുന്നു ന്യൂസ്മേക്കര്‍ പുരസ്കാര ജേതാക്കളുടെ പട്ടിക. വാര്‍ത്തയില്‍നിറയുന്ന വ്യക്തികളില്‍നിന്ന് ഓരോ വര്‍ഷവും വാര്‍ത്താതാരത്തെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത് മനോരമ ന്യൂസ് പ്രേക്ഷകരാണ്.
സംഭവബഹുലമായിരുന്നു വാര്‍ത്താവര്‍ഷം 2022. സമീപവര്‍ഷങ്ങളില്‍ പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് മാറിനിന്നതിന്റെ ആശ്വാസം. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍, വിമാനയാത്രയിലെ പ്രതിഷേധം, പിന്‍വാതില്‍ നിയമന വിവാദം, പ്രതിപക്ഷത്തെ പ്രതിസന്ധിയിലാക്കിയ വിവാദപ്രസ്താവനകള്‍. നൂറുകണക്കിന് വാര്‍ത്താമുഖങ്ങളില്‍നിന്ന് മനോരമ ന്യൂസ് തയാറാക്കിയ പ്രാഥമിക പട്ടികയില്‍ പത്തുപേരുണ്ടാകും. അവരില്‍നിന്ന് നാലുപേരെ തിരഞ്ഞെടുക്കണം. രണ്ടാംഘട്ട വോട്ടെടുപ്പിലൂടെയാണ് പുരസ്കാര ജേതാവിനെ നിര്‍ണയിക്കുന്നത്.