സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണരെ നീക്കം ചെയ്യുന്ന ബിൽ കൊണ്ടുവരുന്ന നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കമാകും. ഇതോടെ ഗവർണർ - സർക്കാർ പോര് സഭാതലത്തിലേക്കും എത്തും. ഒൻപതു ദിവസം നീളുന്ന സമ്മേളനത്തിന്റെ ആദ്യ ദിവസം വിഴിഞ്ഞം തുറമുഖ പ്രശ്നം ഭരണ പക്ഷം തന്നെ അവതരിപ്പിക്കും. കടകംപള്ളി സുരേന്ദ്രൻ ശ്രദ്ധക്ഷണിക്കലിലൂടെ വിഷയം കൊണ്ടുവരും. പ്രതിപക്ഷം വിഴിഞ്ഞം ആയുധമാക്കുന്നതിന് തടയിടുകയാണ് ലക്ഷ്യം. പിന്‍വാതില്‍ നിയമനം പ്രതിപക്ഷം സഭയില്‍ കൊണ്ടുവരും. പിസി വിഷ്ണുനാഥ് എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കും

 

ആദ്യ ദിവസം നാല് ബില്ലുകൾ സഭയുടെ പരിഗണനക്ക് വരും. സംവരണ റൊട്ടേഷൻ പുനക്രമീകരിക്കുന്ന വെറ്ററിനറി സർവകലാശാല ബില്ലും ഇന്ന് വരുന്നുണ്ട്. നിയമ നിർമാണത്തിനായാണ് സഭ ചേരുന്നതെന്ന് സർക്കാർ പറയുമ്പോഴും കഴിഞ്ഞ സമ്മേളനങ്ങളിൽ പാസാക്കിയ ലോകായുക്ത ഭേദഗതി , സർവകലാശാല ഭേദഗതി നിയമങ്ങൾ ഉൾപ്പെടെയുള്ളവക്ക് ഗവർണർ ഇതുവരെ അനുമതി കൊടുത്തിട്ടില്ല.

 

Niyamasabha from today