beeyar-prasad-1

 

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു. 62 വയസായിരുന്നു. കവി, നാടകകൃത്ത്, പ്രഭാഷകന്‍, ടി.വി. അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധേയന്‍. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്.  എഴുതിയ പാട്ടുകളിലൊതുങ്ങുന്നതല്ല ബീയാര്‍ പ്രസാദ് എന്ന കലാകാരന്‍റെ ജീവചരിത്രം. നാടകം വഴിവെട്ടിയ കലാജീവിതത്തില്‍ നടനായും തിരക്കഥാകൃത്തായും പ്രഭാഷകനായും പാട്ടുപോലെ ഒഴുകിയ കുട്ടനാട്ടുകാരന്‍. സ്വപ്നമായി താലോലിച്ച സിനിമ യാഥാര്‍ഥ്യമാക്കാനാകാതെയാണ് ബീയാര്‍ പ്രസാദ് എന്ന പ്രതിഭ പാതിവഴിയില്‍ മടങ്ങുന്നത്.

 

ഈ പാട്ടെഴുത്തിലൂടെയാണ് ബീയാര്‍ പ്രസാദിന്റെ പേര് മധ്യകേരളത്തിന് പുറത്തേക്ക് തോണി തുഴഞ്ഞത്. വാദ്യകലാകാരന്‍മാരുടെ കുടുംബത്തിലായിരുന്നു ജനനം.  കൊട്ടിന്റെ ബാലപാഠങ്ങള്‍ പഠിച്ചെങ്കിലും മുന്നോട്ടുപോയില്ല. പാടാന്‍ കഴിവില്ലെന്ന തോന്നല്‍ സംഗീതത്തെകുറിച്ച് ആഴത്തില്‍ പഠിക്കാന്‍ പ്രേരിപ്പിച്ചു. രാഗങ്ങളെല്ലാം മനഃപാഠമാക്കി. കുട്ടനാട്ടില്‍ വെള്ളം കയറുമ്പോള്‍ പെട്ടികളിലാക്കി തലയില്‍ചുമന്ന് സൂക്ഷിച്ച പുസ്തകങ്ങളോടുള്ള ചങ്ങാത്തമാണ് പ്രസാദിന്റെ ജീവിതം വഴിതിരിച്ചുവിട്ടത്.  ഇരുപത്തൊന്നാംവയസ്സില്‍ ആട്ടക്കഥയെഴുതി അവതരിപ്പിച്ച് കലാകാരന്‍ വരവറിയിച്ചു. വൃത്തം, നിണമാര്‍ന്ന പഞ്ചാബ് തുടങ്ങിയ ഏകാങ്കനാടകങ്ങളിലൂടെ പ്രസാദ് നാടകലോകത്ത് സഞ്ചരിച്ചു. പുരാണങ്ങളിലും പ്രാചീകൃതികളിലുമായിരുന്നു കൂടുതല്‍ ശ്രദ്ധ. കൃഷ്ണനെ പുതിയ കാലത്തെ സാധാരണമനുഷ്യനായി അവതരിപ്പിച്ച കൃഷ്ണഹൃദയത്തിലൂടെ സംഗീതനാടക അക്കാദമി അവാര്‍ഡ് സ്വന്തമാക്കി. സംവിധായകന്‍ ശിവനുമായുള്ള അടുപ്പം ജോണി എന്ന സിനിമയുടെ തിരക്കഥാകൃത്താക്കി. പി.എന്‍.മേനോന്റെ നേര്‍ക്കുനേരെ എന്ന സിനിമയുടെ കഥ പ്രസാദിന്റേതായിരുന്നു. ഭരതന്റെ ഒപ്പമുള്ള യാത്ര ചമയം എന്ന സിനിമയുടെ സഹസംവിധായകനാക്കി. അപ്പോഴും പാട്ടെഴുത്തുവേഷം സ്വപ്നത്തില്‍പോലുമുണ്ടായിരുന്നില്ല. പ്രിയദര്‍ശനോട് കഥ പറയാന്‍ പോയ നേരത്തെ പാട്ടുചര്‍ച്ചകളാണ് ബീയാര്‍ പ്രസാദിനെ ഗാനരചയിതാവാക്കുന്നത്. 

 

കുട്ടനാടും പുസ്തകങ്ങളും നിറച്ച അറിവ്, വാക്കുകള്‍ക്കും ഭാവനയ്ക്കും പഞ്ഞമുണ്ടാക്കിയില്ല. സ്വന്തം നാടിനെകുറിച്ച് ബീയാറെഴുതിയ ഗാനം മലയാള നാടിന്റെ ദേശീയഗാനമായി  മലയാളി ഇന്നും ഏറ്റുപാടുന്നു. പഠിച്ചും പഠിച്ചത് വേദികളില്‍ പറഞ്ഞും മുന്നേറിയ ജീവിതത്തിനിടയില്‍ പത്തുവര്‍ഷത്തോളം അധ്യാപകനുമായി. ദേവസ്വം ബോര്‍ഡിലെ ജോലി അധികകാലം തുടര്‍ന്നില്ല. തീര്‍ത്ഥാടനത്തില്‍ ശ്രദ്ധേയവേഷത്തിലെത്തിയത് ബീയാര്‍ പ്രസാദായിരുന്നു. പ്രസാദിലെ പാട്ടെഴുത്തുകാരനെ കണ്ടെത്തുന്നതില്‍ ലാല്‍ജോസിന് വലിയ പങ്കുണ്ട്. ഓണക്കാലത്ത് പിറന്ന ആല്‍ബത്തിനുവേണ്ടി അദ്ദേഹത്തെകൊണ്ട് പാട്ടെഴുതിച്ചത് ലാല്‍ജോസായിരുന്നു. പക്ഷേ, അത് സിനിമയിലേക്കെത്തിയില്ല. നാടകമായി കളിച്ച ഷഡ്കാല ഗോവിന്ദമാരാര്‍, സിനിമയാക്കുക ബീയാര്‍ പ്രസാദിന്റെ വലിയ സ്വപ്നമായിരുന്നു. മോഹന്‍ലാലിനോട് കഥ പറയുകയും ഇഷ്ടപ്പെടുകയും ചെയ്തെങ്കിലും നീണ്ടുപോയി. പുതിയ കാലത്തെ പല സംവിധായകരും അഭിനേതാക്കളും അത് യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മനസ്സിലും ചുണ്ടിലും മലയാളം നിറച്ച മധുരഗാനങ്ങളിലൂടെ ബീയാര്‍ പ്രസാദിനെ ഇനി മലയാളി ഓര്‍ക്കും.

 

Lyricist BR Prasad passes away