ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത ലോക്സഭ സെക്രട്ടറിയേറ്റ് പിന്‍വലിച്ചു. എം.പി സ്ഥാനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ലോക്സഭ സെക്രട്ടറിയേറ്റ് അടിയന്തര വിജ്ഞാപനം ഇറക്കിയത്. ഫൈസിലിന്‍റെ കുറ്റവും ശിക്ഷയും ഹൈക്കോടതി സ്റ്റേ ചെയ്ത് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ലോക്സഭ സെക്രട്ടറിയേറ്റിന്‍റെ നടപടി. ഈ കാലതാമസത്തിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമന്ന് മുഹമ്മദ് ഫൈസല്‍ മനോരമന്യൂസിനോട് പറഞ്ഞു. വധശ്രമക്കേസില്‍ പത്ത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി കഴിഞ്ഞ ജനുവരി പതിമൂന്നിനായിരുന്നു ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. വിചാരണക്കോടതി ഉത്തരവ് വന്ന് രണ്ട് ദിവസത്തിനകമായിരുന്നു ഇത്. വിധി ജനുവരി 25ന് ഹൈക്കോടതി സ്റ്റേ ചെയ്തു. പക്ഷെ അയോഗ്യത പിന്‍വലിക്കാന്‍ ലോക്സഭ സെക്രട്ടറിയേറ്റിന് രണ്ട് മാസത്തിലേറെ സമയം വേണ്ടിവന്നു. വിചാരണക്കോടതി വിധി മേല്‍ക്കോടതികള്‍ സ്റ്റേ ചെയ്താല്‍ അയോഗ്യത ഒഴിവാകുമെന്ന് ലോക്പ്രഹാരി കേസില് 2018ല്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ലക്ഷ്വദ്വീപില്‍ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. എന്നിട്ടും ലോക്സഭ സെക്രട്ടറിയേറ്റ് അയോഗ്യത പിന്‍വലിച്ചില്ല. ഇതിനെതിരെയാണ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവിനെതിരെ ലക്ഷദ്വീപ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിയുടെ മുന്‍പാകെയുണ്ട്. ഇതില്‍ ഉള്‍പ്പെടെയുള്ള ഭാവി കോടതി തീരുമാനങ്ങള്‍ ഫൈസലിന്‍റെ എം.പി സ്ഥാനത്തിന് ബാധകമായിരിക്കുമെന്ന് പുതിയ വിജ്ഞാപനത്തില്‍ പറയുന്നു. അയോഗ്യത പിന്‍വലിച്ചതിന് പിന്നാലെ ഫൈസല്‍ ലോക്സഭയിലെത്തി. വൈകി ലഭിച്ച നീതി നിതി നിഷേധമാണെന്ന് മുഹമ്മദ് ഫൈസല്‍ മനോരമന്യൂസിനോട് പറഞ്ഞു. തന്‍റെ നടപടികള്‍ രാഹുല്‍ ഗാന്ധിക്ക് അംഗത്വം തിരികെ ലഭിക്കാന്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ഫൈസിലന്‍റെ അയോഗ്യത പിന്‍വലിച്ച ലോക്സഭ സെക്രട്ടറിയേറ്റ് നടപടി, സൂറത്ത് കോടതി വിധി മേല്‍ക്കോടതികള്‍ സ്റ്റേ ചെയ്താല്‍ രാഹുല്‍ ഗാന്ധിക്ക് എം.പി സ്ഥാനത്തേക്ക് മടങ്ങിയെത്താമെന്ന വാദം ഉറപ്പിക്കുന്നതാണ്.
Lakshadweep MP Mohammed Faizal's disqualification removed