അതിഖ് അഹമ്മദിന്‍റെ കൊലപാതകത്തില്‍ ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. അരാജകത്വവും ക്രമസമാധാന തകര്‍ച്ചയുമാണ് കാണിക്കുന്നതെന്ന് വിവിധ നേതാക്കള്‍ പ്രതികരിച്ചു. സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയ കേസെടുത്ത് അന്വേഷിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടു. അശാന്തിയുടെ അന്തരീക്ഷം ഒരുകൂട്ടര്‍ മനഃപൂര്‍വം സൃഷ്ടിക്കുന്നുവെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
വെടിവയ്പിന് പിന്നാലെ സംസ്ഥാന വ്യാപക നിരോധനാജ്ഞ പ്രഖ്യാപിച്ച യുപിസര്‍ക്കാര്‍ പൊലീസ് വിന്യാസവും ശക്തമാക്കി. പ്രയാഗ്‌രാജില്‍ സമ്പൂര്‍ണ ഇന്‍റര്‍നെറ്റ് വിലക്കേര്‍പ്പെടുത്തി. അതീഖ് അഹമ്മദിന്‍റെ സുരക്ഷയില്‍ വീഴ്ചവരുത്തിയതിന് 17 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ ഉച്ചസ്ഥായിയിലെന്ന് സമാജ്‌വാദി പാര്‍ട്ടി കുറ്റപ്പടുത്തി. സമൂഹത്തില്‍ അശാന്തി സൃഷ്ടിക്കുന്നത് മനഃപൂര്‍വമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഏറ്റുമുട്ടല്‍ സംസ്ഥാനമായി യുപി മാറിയോ എന്നും സുപ്രീംകോടതി സ്വമേധയ കേസെടുത്ത് അന്വേഷിക്കണമെന്നും ബിഎസ്പി അധ്യക്ഷ മായാവതി.
കുറ്റവാളികളുടെ ശിക്ഷ എന്തെന്ന് തീരുമാനിക്കേണ്ടത് കോടതിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാജ്യത്ത് നിയമവും ഭരണഘടനയുമുണ്ട് അതാണ് പ്രധാനമെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. രക്തം മരവിപ്പിക്കുന്ന അരുംകൊലയെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. കാട്ടുനീതിയാണ് നടപ്പിലായതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ അരാജകത്വമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അതേസമയം പ്രകൃതിയുടെ തീരുമാനമാണ് ആതിഖിന്‍റെ കൊലപാതകമെന്ന വിചിത്രവാദവുമായി ഉത്തര്‍പ്രദേശ് മന്ത്രി സുരേഷ് കുമാര്‍ ഖന്ന രംഗത്തുവന്നു.
Opposition mleaders slams UP govt after Atiq Ahmad's killing