സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ ആലത്തൂർ എംഎൽഎയുമായ എം.ചന്ദ്രൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ അനുശോചിച്ചു. 

 

പാർട്ടിയുടെ വിശ്വസ്തൻ. മികച്ച സംഘാടകൻ. ഓരോ തവണയും ഭൂരിപക്ഷം കൂട്ടി മികവറിയിച്ച ജനപ്രതിനിധി. സിപിഎമ്മിന്റെ പാലക്കാട്ടെ പ്രധാന മുഖങ്ങളിലൊന്നാണ് നഷ്ടമാകുന്നത്. 

പാലക്കാട് കൂറ്റനാട് സ്വദേശിയായ എം.ചന്ദ്രൻ 1970 ൽ പാർട്ടി അംഗമായി. കപ്പൂർ ലോക്കൽ സെക്രട്ടറി. തൃത്താല ഏരിയ കമ്മിറ്റി സെക്രട്ടറി. 1985 ൽ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം. 1987 ൽ ടി ശിവദാസമേനോൻ മന്ത്രിയായതിനെത്തുടർന്ന് പാർട്ടി ജില്ലാ സെക്രട്ടറിയായി. 1998 മുതൽ 2006 വരെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. കഴിഞ്ഞവർഷം എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ പ്രായാധിക്യത്തെ തുടർന്ന് സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവായി. കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് .കർഷകസംഘം ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. നിലവിൽ  സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായിരുന്നു. 

 

വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഒരു വർഷത്തിലേറെയായി ചികിൽസയിലായിരുന്നു. അവശത അവഗണിച്ചും പല പാർട്ടി പരിപാടികളിലും സാന്നിധ്യമറിയിച്ചിരുന്നു. നിയമസഭാ നടപടികളിലെ ആഴത്തിലുള്ള അറിവും ചന്ദ്രന്റെ മികവായിരുന്നു.

 

Senior CPM leader M. Chandran passed away