മകളും എം.പിയുമായ സുപ്രിയ സുളെ തന്റെ പിന്‍ഗാമിയാകുമെന്ന ഉറച്ച സൂചന നല്‍കി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ പാര്‍ട്ടിയുടെ സംഘടനാപദവികള്‍ പ്രഖ്യാപിച്ചു. പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരായി സുപ്രിയ സുളെയെയും പ്രഫുല്‍ പട്ടേലിനേയും നിയമിച്ചു. അതേസമയം, പ്രതിപക്ഷനേതാവായ അജിത് പവാറിന് പദവികളൊന്നും നല്‍കിയില്ല എന്നത് ശ്രദ്ധേയമായി.
പാര്‍ട്ടിയുടെ ഇരുപത്തഞ്ചാം സ്ഥാപകദിനത്തിലായിരുന്നു സുപ്രധാന പ്രഖ്യാപനം. നിലവില്‍ ബാരാമതിയില്‍ നിന്നുള്ള എം.പിയായ സുപ്രിയയ്ക്ക് മഹാരാഷ്ട്രയ്ക്ക് പുറമേ പഞ്ചാബിന്റെയും ഹരിയാനയുടെയും ചുമതല കൂടി നല്‍കി. രാജ്യസഭാ എം.പിയും മുന്‍കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേലിന് ഗുജറാത്തിന്റെയും ഗോവയുടെയും ചുമതലയാണുള്ളത്. അജിത് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. പാര്‍ട്ടിയോട് പിണങ്ങി ബിജെപി ക്യാംപിലേക്ക് പോകാന്‍ തുനിഞ്ഞ അജിത് പവാറിനെ, രാജിയെന്ന സഹതാപതരംഗം സൃഷ്ടിച്ചാണ് ശരദ് പവാര്‍ തടഞ്ഞത്. പിന്നീട് അജിത്തിന് സുപ്രധാന സംഘടനാ പദവികള്‍ നല്‍കുമെന്ന് സൂചനകളുണ്ടായിരുന്നു.
Sharad Pawar appoints Supriya Sule, Praful Patel as NCP working presidents