nandinimilkkerala-21

 

കേരള വിപണിയില്‍ സജീവമാകാന്‍ കരുക്കള്‍ നീക്കുന്ന നന്ദിനി പാലിന്റെ ഉല്‍പാദകരായ കര്‍ണാടക മില്‍ക്ക് ഫെഡറേഷന് സമാന വിഷയത്തില്‍ ഇരട്ട നിലപാടെന്ന് ആക്ഷേപം. ഗുജറാത്തില്‍ നിന്നുള്ള അമൂല്‍ ബെംഗളുരുവില്‍ വില്‍പന കേന്ദ്രം തുടങ്ങുന്നത് കര്‍ഷകരെയും രാഷ്ട്രീയക്കാരെയും അണിനിരത്തി നേരിട്ട കെ.എം.എഫാണ് ഇപ്പോള്‍ മില്‍മയുടെ വിപണിയില്‍ ഇടിച്ചു കയറുന്നത്. കേരളത്തിലേതിനു സമാനമായി മഹാരാഷ്ട്രയിലും തെലങ്കാനയിലും തമിഴ്നാട്ടിലും ഔട്ട്്ലെറ്റുകള്‍ തുറന്നു വിപണി പിടിച്ചെടുക്കാന്‍ നന്ദിനി ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

 

ദക്ഷിണേന്ത്യയിലാകെ വിപണി പിടിക്കാനാണു രാജ്യത്തെ രണ്ടാമത്തെ വലിയ പാലുല്‍പാദക സഹകരണ ഫെഡറേഷനായ നന്ദിനിയുടെ തീരുമാനം. അതിന്റെ ഭാഗമാണു കേരളത്തില്‍ ഔട്ട് ലെറ്റുകള്‍ തുറന്നത്. ദിവസവും 90 ലക്ഷം ലിറ്റര്‍ പാല്‍ കൈകാര്യം ചെയ്യുന്ന, 21,000 കോടിയുടെ വിറ്റുവരവുള്ള നന്ദിനി പക്ഷേ കര്‍ണാടകയില്‍ മറ്റാരെയും പാല്‍ വില്‍ക്കാന്‍ അനുവദിക്കില്ല.

 

ബെംഗളുരു വിപണയില്‍ പാലും തൈരും വില്‍ക്കാന്‍ ഏപ്രില്‍ 5നാണു ഗുജ്റാത്ത് ക്ഷീരോത്പാദന സഹകരണ ഫെഡറേഷനായ അമൂല്‍ തീരുമാനിച്ചത്. ഇക്കാര്യം പുറത്തായതോടെ നന്ദിനി സട കുടഞ്ഞെഴുന്നേറ്റു. കര്‍ഷകരെ ഇറക്കി സമരം തുടങ്ങി. നന്ദിനിയെ അമൂലില്‍ ലയിപ്പിക്കാന്‍ പോകുന്നുവെന്ന പ്രാചരണം അഴിച്ചുവിട്ടതോടെ സംസ്ഥാനം ഭരിച്ചിരുന്ന ബി.ജെ.പിക്ക് മറുപടിപോലും പറയാനായില്ല.  ഒരാളുടെ വിപണിയില്‍ മറ്റൊരാള്‍ ഇടപെടില്ലെന്ന സഹകരണ ഫെഡറേഷനുകള്‍ തമ്മിലുള്ള ധാരണ ലംഘിക്കുന്നതാണു അമൂല്‍ നടപടിയെന്ന് കെ.എം.എഫ് പരസ്യമായി പറഞ്ഞു.

 

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്നുകിടന്ന കര്‍ണാടകയില്‍ അമൂല്‍ വിഷയം കോണ്‍ഗ്രസും ജെഡിഎസും ഏറ്റുപിടിച്ചു. ബെംഗളുവിലെത്തിയ രാഹുല്‍ ഗാന്ധി നന്ദിനി ഔട്ട് ലെറ്റില്‍ പോയി പേടയും പാല്‍ ഉല്‍പന്നങ്ങളും കഴിപ്പിച്ചതോടെ വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാരിനും ഗുജ്റാത്ത് ഭരിക്കുന്ന ബി.ജെ.പിക്കുമേല്‍ സമ്മര്‍ദ്ദമായി. അമൂല്‍ പിന്തിരിഞ്ഞു.

 

ഇന്ത്യയൊട്ടാകെ തുറന്ന വിപണിയാണെന്നും പരസ്പരം മത്സരിച്ചു മുന്നേറാമെന്നുമാണ് നന്ദിനി ഇപ്പോള്‍ പറയുന്നത് മില്‍മയ്ക്ക് കര്‍ണാടകയില്‍ വില്‍പന കേന്ദ്രം തുറക്കുന്നതിനെ തങ്ങള്‍ എതിര്‍ക്കില്ലെന്നും കെഎം.എഫ് നിലപാട് വ്യക്തമാക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളെയും കര്‍ഷകരെയും ഇറക്കിയാണു അമൂലിന്റെ കര്‍ണാടക വിപണി പ്രവേശനം നന്ദിനി തടഞ്ഞത്. ഇതേ തന്ത്രം പയറ്റാന്‍ മില്‍മയും കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും തയ്യാറാവുമോയെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

 

Nandini's kerala entry karnataka milk federation double stand