യൂട്യൂബര്‍ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിന് വളാഞ്ചേരി സ്റ്റേഷനില്‍നിന്ന്  ജാമ്യം അനുവദിച്ചു. കണ്ണൂരിലും മുഹമ്മദ് നിഹാദിനെതിരെ കേസെടുത്തതോടെ കണ്ണപുരം പൊലീസിന് കൈമാറും. ഇയാളുടെ രണ്ട് ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ കൊച്ചിയില്‍ നിന്നാണ് 'തൊപ്പി'യെ കൊച്ചിയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. വാതില്‍ ചവിട്ടിപ്പൊളിച്ചെത്തിയ പൊലീസിന്റെ ദൃശ്യങ്ങളടക്കം നിഹാദ് സമൂഹമാധ്യമങ്ങളിലൂടെ തല്‍സമയം പ്രചരിപ്പിച്ചിരുന്നു. 

 

 വിദ്യാര്‍ഥി യുവജന സംഘടനകളുടെ പരാതിയില്‍ കേസെടുത്ത പൊലീസ്  ഇന്ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും വരാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് കൊച്ചിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയത്. യൂണിഫോമിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും മുറിയില്‍ നിന്ന് പുറത്ത് ഇറങ്ങാന്‍ തയാറായില്ല. ഒടുവില്‍ കതക് ചവിട്ടി തുറക്കാന്‍ ശ്രമിക്കുന്നതിന്‍റെ തല്‍സമയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. വാതില്‍ പൊളിച്ച് പുറത്ത് എത്തിച്ച ശേഷം വളാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. 

മുഹമ്മദ് നിഹാദിന്‍റെ കംപ്യൂട്ടറില്‍ അശ്ലീല ദൃശങ്ങളുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് താമസസ്ഥലത്ത് എത്തി കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്കും  അനുബന്ധ ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തത്. വളാഞ്ചേരിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിനും ഗതാഗത തടസമുണ്ടാക്കിതിനുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല സംഭാഷങ്ങള്‍ അടങ്ങിയ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് കണ്ണൂര്‍ കണ്ണപുരം പൊലീസും കേസെടുത്തിട്ടുണ്ട്.