youth-congress-2

 

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവെക്കരുതെന്ന് ഹൈക്കമാൻഡിനോട് ആവശ്യപെടാൻ ഏ ഗ്രൂപ്പ്. തോൽവി ഭയന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവയ്പ്പിക്കാൻ നേതൃത്വം ശ്രമിക്കുന്നതെന്ന് ഏ ഗ്രൂപ്പ് ആരോപിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് കെ.സുധാകരൻ ഡൽഹിയിൽ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ഒരു തിരഞ്ഞെടുപ്പ് നടന്നാൽ സ്ഥാനാർത്ഥികൾ സർവ കരുത്തും പുറത്തെടുത്ത് പ്രചാരണം നടത്തും. അതിനെ ഗ്രൂപ്പ് പ്രവർത്തനമായി കാണുന്നത് ബാലിശമാണെന്നാണ് എ ഗ്രൂപ്പിന്‍റെ വാദം. വോട്ടെടുപ്പ് മറ്റന്നാൾ തുടങ്ങാതിരിക്കെ ഇനി തിരഞ്ഞെടുപ്പ് നീട്ടരുതെന്ന് ഹൈക്കമാൻഡിനോട് രേഖാമൂലം ആവശ്യപ്പെടാൻ ഏ ഗ്രൂപ്പ്  തീരുമാനിച്ചു. നേരത്തെ ഗ്രൂപ്പുകൾ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ നേതൃത്വം ആണ് തള്ളിക്കളഞ്ഞതെന്നും ഏ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനോട് രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പിനും യോജിപ്പില്ല. ഗ്രൂപ്പുകളുടെ എതിർപ്പിന് പിന്നാലെ, തിരഞ്ഞെടുപ്പിൽ ഇടപെടില്ലെന്ന്  സുധാകരൻ വ്യക്തമാക്കി. 

 

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് നേരിട്ട് ആവശ്യപ്പെടാതെ അതു ഉണ്ടാക്കുന്ന ഗ്രൂപ്പ് അതിപ്രസരം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് നീട്ടിവയ്പ്പിക്കുന്നതിൽ പരോക്ഷമായി സമ്മർദ്ദം ചെലുത്താനാണ് സുധാകരനും സതീശനും ശ്രമിക്കുന്നത്.