rain-06

TAGS

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. ഇന്നലെ കണ്ണൂരിലും ആഴപ്പുഴയിലും കൊടുങ്ങല്ലൂരിലും ഒാരോ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കാലവര്‍ഷക്കെടുതിയില്‍ മരണം ഒന്‍പതായി. രാത്രി തുടങ്ങിയ ഒറ്റപ്പെട്ട മഴ പല ഭാഗങ്ങളിലും ഇപ്പോഴും തുടരുന്നു. മലപ്പുറം ഒമാനൂര്‍ കൊടക്കാട് ചുഴലിക്കാറ്റടിച്ചു. 15 വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. മേഖലയില്‍ വൈദ്യുതിബന്ധം പൂര്‍ണമായി നിലച്ചു. കാസര്‍കോട് കള്ളാര്‍–ചുള്ളി റോഡില്‍ മണ്ണിടിഞ്ഞ് മണിക്കൂറുകളോളം ഗതാഗത തടസപ്പെട്ടു. ആലപ്പുഴയില്‍ കുട്ടനാട് ജലനിരപ്പ് ഉയരുന്നു.

 

നെടുമുടി, പള്ളാരത്തുരുത്തി, കാവാലം, മങ്കൊമ്പ്്, ചമ്പക്കുളം ഭാഗങ്ങളിലാണ് ജലനിരപ്പ് ഉയരുന്നത്. പുന്നപ്രയില്‍ 150 ഏക്കറോളം പാടശേഖരത്തില്‍ മടവീണു. കോട്ടയം അയമനം ഹെല്‍ത്ത് സെന്‍ററില്‍ വെള്ളംകയറി. ആശുപത്രി ഉപകരണങ്ങള്‍ അടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റി. കോഴിക്കോട് നാദാപുരം പുളിക്കൂല്‍ ഭാഗത്ത് തോടുകള്‍ കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറി. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കൊടിയത്തൂർ ഇരുവഴഞ്ഞി പുഴയിൽ കാണാതായ  രണ്ട് പേർക്കായി ഇന്നും തിരച്ചിൽ തുടരും. 

 

ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന ഇടുക്കിയിൽ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത. ശക്തമായ മഴ തുടർന്നാൽ നിലവിൽ തുറന്ന നിലയിലുള്ള കല്ലാർകുട്ടി അണക്കെട്ട്, പാംബ്ല ഡാം , മൂന്നാർ ഹെഡ് വർക്ക്സ് ഡാം  എന്നിവയിൽ നിന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കാൻ സാധ്യതയുണ്ട്. ഡാമുകളില്‍ ജലനിരപ്പ് ഉയരുകയാണ്. തൃശൂരില്‍ പുത്തൂര്‍, നന്മണിക്കര, വരന്തരപ്പള്ളി, തൃക്കൂര്‍, അളഗപ്പനഗര്‍, പുതുക്കാട് പഞ്ചായത്തുകളില്‍ നേരിയ ഭൂചലനവും ഭൂമിക്കടിയില്‍ മുഴക്കവുമുണ്ടായി. പരിഭ്രാന്തരായി ആളുകള്‍ വീടിന് പുറത്തേക്ക് ഒാടി. രാത്രി പതിനൊന്നര മണിയോടെയായിരുന്നു ഭൂചലനം . 

 

 

Heavy rain wreaks havoc across Kerala