എംജി സർവ്വകലാശാലയിൽ സർട്ടിഫിക്കറ്റുകൾ കാണാതായ കേസിൽ പൊലീസ് അന്വേഷണം അലംഭാവത്തിൽ. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പ്രതികളെ സംബന്ധിച്ച യാതൊരു സൂചനയുമില്ല. സർവകലാശാല പരാതിപ്പെട്ട് രണ്ടാഴ്ചയിലധികം പൊലീസ് കാത്തിരുന്നത് ദുർബലമായ ഈ റിപ്പോർട്ട് എഴുതാനായിരുന്നോ എന്നാണ് ജീവനക്കാരുടെ സംഘടനകളുടെ വിമർശനം.
അതീവ സുരക്ഷാ മേഖലയിൽ നിന്ന് സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായതിനെ തുടർന്ന് എംജി സർവകലാശാല പരാതിപ്പെട്ടിട്ട് 15 ദിവസങ്ങൾ പിന്നിട്ടു. പൊലീസ് യഥാർഥ പ്രതികളെ സംരക്ഷിക്കുന്നതിന് കൂട്ടുനിൽക്കുന്നെന്ന പരാതി ഉയരുന്നതിനിടെയാണ് ദുർബലമായ എഫ്ഐആർ പുറത്തുവരുന്നത്. 2023 ഫെബ്രുവരി മുതൽ 2023 ജൂൺ 15 വരെയുള്ള കാലയളവിൽ സർട്ടിഫിക്കറ്റുകൾ മോഷണം പോയതാണ് എഫ്ഐആർ. പിഡി 5 സെക്ഷൻ ഓഫീസറുടെ ചുമതലയിലുള്ള സർട്ടിഫിക്കറ്റുകൾ ദുരുദ്ദേശത്തോടെ ആരോമോഷ്ടിച്ച് കൊണ്ടുപോയി എന്ന് മാത്രമാണ് പരാമർശം.
പരാതിപ്പെട്ട് രണ്ടാഴ്ചയ്ക്കുശേഷം ഏറെ പണിപ്പെട്ട് എഴുതിയ എഫ്ഐആർ ഇതിനായിരുന്നോ എന്നാണ് കേൾക്കുന്നവരുടെയും സംശയം. സസ്പെൻഡ് ചെയ്യപ്പെട്ട സെക്ഷൻ ഓഫീസർമാരുടെയും താൽക്കാലിക ജീവനക്കാരുടെയും മൊഴിയെടുത്തിരുന്നെങ്കിലും തുമ്പ് ഒന്നുമില്ല.സിപിഐ അനുകൂല ജീവനക്കാരുടെ സംഘടന ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.
mg university certificate missing case police investigation