കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന് പൊലീസിന്റെ കണ്ടെത്തല്‍. തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് ഒന്നിന് മെഡിക്കല്‍ ബോര്‍ഡ് ചേരുമെന്ന് ഡി.എം.ഒ. അറിയിച്ചു. സംഭവത്തില്‍ നീതിതേടി 63 ദിവസമായി ഹര്‍ഷിന സമരത്തിലാണ്.

2017ൽ മെഡിക്കൽ കോളജിൽ നടത്തിയ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണു കത്രിക കുടുങ്ങിയതെന്നാണ് ഹർഷിനയുടെ പരാതി. അതിനു മുൻപു 2 ശസ്ത്രക്രിയകൾ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നടത്തിയിരുന്നു. അപ്പോഴൊന്നും പ്രശ്നമുണ്ടായില്ല. കഴിഞ്ഞ വർഷം ശസ്ത്രക്രിയയിലൂടെ മെഡിക്കൽ കോളജിൽ വച്ചു തന്നെ കത്രിക പുറത്തെടുത്തു. കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു ഹർഷിന ആരോഗ്യമന്ത്രി വീണാ ജോർജിന് പരാതി നൽകിയിരുന്നു. രണ്ടു തവണ മന്ത്രി അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചെങ്കിലും കത്രിക മെഡിക്കൽ കോളജിലേത് അല്ലെന്ന് അവർ റിപ്പോർട്ട് നൽകി. ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു കാലപ്പഴക്കം നിർണയിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.ആരോഗ്യവകുപ്പിന്റെ രണ്ട് അന്വേഷണങ്ങളും പരാജയപ്പെട്ടതോടെ മാർച്ച് 29നു മന്ത്രിസഭ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിനു മുൻപു തന്നെ ഹർഷിന നൽകിയ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

 

Police submits report on scissors in woman’s stomach case, Kozhikode