മാത്യു കുഴല്നാടന് എംഎല്‍എയ്ക്കെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് സിപിഎം. ചിന്നക്കനാലിലുള്ളത് സ്വകാര്യ ഗസ്റ്റ് ഹൗസ് മാത്രമാണെന്ന കുഴല്‍നാടന്റെ വാദം തെറ്റാണെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന് ആരോപിച്ചു. കള്ള സത്യവാങ്മൂലം നല്‍കിയാണ് കുഴല്നാടന് ഭൂമി വാങ്ങിയതെന്നും മോഹനന് ആരോപിച്ചു. എംഎല്‍എയുടെ മൂവാറ്റുപുഴയിലെ ഓഫിസിലേക്ക് ഡിവൈഎഫ്ഐ നാളെ മാര്‍ച്ച് നടത്തും. വിഡിയോ റിപ്പോര്‍ട്ട് കാണാം.
നികുതി വെട്ടിപ്പിനെക്കുറിച്ചും സ്റ്റാംപ് ഡ്യൂട്ടി തട്ടിപ്പിനെക്കുറിച്ചും കുഴല്നാടന് വിശദീകരിക്കാനായിട്ടില്ല. മറ്റൊരിടത്തും വീടില്ലെന്ന് കാണിച്ച് ഈ ഭൂമി വാങ്ങിയത് കള്ള സത്യവാങ്മൂലമാണ്. 2016 മുതല്‍ 21 വരെയുള്ള കുടുംബവരുമാനം കാണിച്ചത് 96 ലക്ഷത്തോളം രൂപ. എന്നാല്‍ ഈ കാലയളവില്‍ മാത്യുവിന്റെയും ഭാര്യയുടെയും സ്വയാര്‍ജിത സ്വത്ത് 30.5 കോടിയുടേതെന്ന് മോഹനന് വ്യക്തമാക്കി. അതേസമയം, പാർപ്പിട ആവശ്യത്തിന് നിർമ്മിച്ച രണ്ട് കെട്ടിടങ്ങൾ റിസോർട്ടിന്റെ കൂടെ ചേർത്ത് പ്രവർത്തിപ്പിച്ച് കുഴല്നാടന് നിയമലംഘനം നടത്തിയെന്നതിന് തെളിവുകള്‍ പുറത്തുവന്നു.
കോൺഗ്രസ് ഭരിക്കുന്ന ചിന്നക്കനാൽ പഞ്ചായത്ത് ഭരണസമിതിയെ സ്വാധീനിച്ചാണ് മാത്യു കുഴൽനാടൻ റിസോർട്ട് ലൈസൻസ് പുതുക്കി എടുത്തതെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി. വി. വർഗീസും ആരോപിച്ചു. കുഴൽനാടനെതിരെ സമരം ചെയ്യാനും നിയമപരമായി നീങ്ങാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. നാളെ മൂവാറ്റുപുഴയിലെ എംഎൽഎ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തും.