കോഴിക്കോട്ട് നിപ ബാധിച്ച് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്‍റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 22നാണ് മുഹമ്മദിന് രോഗലക്ഷണങ്ങള്‍ കണ്ടത്. പനി ബാധിച്ച മുഹമ്മദ് പിറ്റേന്ന് വൈകിട്ട് ഏഴുമണിയോടെ തിരുവള്ളൂരിലെ കുടുംബചടങ്ങില്‍ പങ്കെടുത്തു. 25 ന് രാവിലെ 11 മണിയോടെ ഗ്രാമീണ്‍ ബാങ്കിലും തുടര്‍ന്ന് 12.30 ഓടെ കള്ളാട് ജുമാ മസ്ജിദിലും എത്തി. പനി കുറയാതിരുന്നതിനെ തുടര്‍ന്ന് 26 ന് കുറ്റ്യാടിയിലെ സ്വകാര്യ ക്ലിനിക്കിലെത്തി ഡോക്ടറെ കണ്ടു. തുടര്‍ന്ന് 28–ാം തിയതി രാത്രി തൊട്ടില്‍പ്പാലത്തെ ആശുപത്രിയില്‍ ചികില്‍സ തേടി. പിറ്റേ ദിവസം കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 30–ാം തിയതിയോടെ മരിക്കുകയായിരുന്നു.
റൂട്ട് മാപില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ ആ സമയങ്ങളിലുണ്ടായിരുന്നവര്‍ സമ്പര്‍ക്ക സാധ്യത സംശയിക്കുന്നുണ്ടെങ്കില്‍ പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കണമെന്ന് നാട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, മരുതോങ്കര പഞ്ചായത്തടക്കം ഏഴു പഞ്ചായത്തുകളിലെ 43 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആയി പ്രഖ്യാപിച്ചു. ഇവിടെനിന്ന് പുറത്തേക്കോ അകത്തേക്കോ യാത്ര അനുവദിക്കില്ല. വാർഡുകൾ ബാരിക്കേഡ് വച്ച് നിയന്ത്രിക്കും. സ്കൂളുകൾക്കും അംഗനവാടികൾക്കും അവധി പ്രഖ്യാപിച്ചു. സർക്കാർ - അർധസർക്കാർ, പൊതുമേഖല ബാങ്കുകൾ എന്നിവയ്ക്കും അവധിയാണ്. തദ്ദേശ സ്ഥാപനങ്ങളും വില്ലേജ് ഓഫിസുകളും ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കണം. അവശ്യസാധനങ്ങളുടെ കടകൾക്ക് മാത്രമാണ് തുറക്കാന്‍ അനുമതി. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് സമയപരിധിയില്ല.