പട്ടയ ഭൂമിയിലെ ചട്ടംലംഘിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ ക്രമപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്ന ഭൂപതിവ് ഭേദഗതി നിയമസഭ പാസാക്കി. നിയമം നിലവിൽ വരുന്ന ദിവസം വരെയുള്ള അനധികൃത ഭൂ വിനിയോഗമാണ് നിയമപരമാക്കുന്നത്. നിയമ ഭേദഗതിയെ പിന്തുണച്ച പ്രതിപക്ഷം ചട്ടരൂപീകരണം ശ്രദ്ധയോടെ വേണമെന്നും എല്ലാ അധികാരവും ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമാക്കരുതെന്നും ആവശ്യപ്പെട്ടു. വിശദമായ ചർച്ചകൾക്ക് ശേഷമെ ചട്ടമുണ്ടാക്കൂ എന്ന് റവന്യു മന്ത്രി സഭക്ക് ഉറപ്പ് നൽകി.
ഭൂപതിവ് നിയമത്തിൽ ഭേദഗതി വേണമെന്ന കാര്യത്തിൽ ഭരണ പ്രതി പക്ഷങ്ങൾക്ക് ഭിന്നത ഉണ്ടായിരുന്നില്ല. ഇടുക്കിയിലെ ഭൂമി പ്രശ്നത്തിലേക്ക് മാത്രം കാര്യങ്ങൾ ചുരുക്കുന്നു എന്ന ആരോപണം മുതൽ ക്രമപ്പെടുത്തൽ നടപടികൾ ഉദ്യോഗസ്ഥരുടെ വിവേചനമാക്കുന്നതിലെ ആശങ്ക വരെ ഉന്നയിച്ച ശേഷമാണ് പ്രതിപക്ഷം ബില്ലിനെ പിന്തുണച്ചത്.
പട്ടയഭൂമിയിലെ വാണിജ്യ കെട്ടിടങ്ങൾ മുതൽ പാർട്ടി ഓഫീസുകൾ വരെ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ നിയമപരമായ നിർമിതികളാകും. ഭൂമി കാർഷിക ഇതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുമാകും. ചർച്ചക്കിടെ ഇടുക്കിയിൽ ഭൂമി കയ്യേറിയെന്ന ആക്ഷേപം ശരിയല്ലെന്ന് എംഎം മണി പറഞ്ഞു. വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ ക്രമവത്ക്കരിക്കുന്നതിൽ തെറ്റെന്തെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു
ഇടുക്കി ഭൂമി പ്രശ്നം വഷളാക്കിയത് വിഎസിന്റെ മൂന്ന് പൂച്ചകളാണെന്ന് രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും പരിഹസിച്ചു. ചട്ടങ്ങൾ രൂപീകരിക്കുന്നതിൽ അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ നിയമ ഭേദഗതി ദുരുപയോഗം ചെയ്യപ്പെടാനും കോടതി കയറാനും സാധ്യതയുണ്ട്.
Amendment in Land Assignment Act