udf-against-coastal-road-project
  • തീരദേശപാതയെക്കുറിച്ച് പഠിച്ച യുഡിഎഫ് സമിതി
  • പാത കൊണ്ട് കാര്യമില്ലെന്ന് കണ്ടെത്തല്‍
  • സിൽവർലൈനിനെ എതിർത്ത മാതൃകയിൽ എതിര്‍ക്കും

നിർദ്ദിഷ്ട തീരദേശ ഹൈവേയെ തുറന്ന് എതിർക്കാൻ യുഡിഎഫ്. തീരദേശപാതയെക്കുറിച്ച് പഠിച്ച ഉപസമിതി മുന്നണി നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചു. തീരദേശപാത അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന് ഉപസമിതി കണ്ടെത്തൽ. നിർദ്ദിഷ്ട പാതയുടെ മേഖലകളിലൂടെ പദയാത്ര നടത്തുന്നതും യുഡിഎഫ് പരിഗണിക്കുന്നു. 

 

സിൽവർലൈനിനെ എതിർത്ത മാതൃകയിൽ തന്നെ തീരദേശ ഹൈവെയെ നേരിടാനാണ് യുഡിഎഫ് ആലോചിക്കുന്നത്. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ നേതൃത്വത്തിലുള്ള ഉപസമിതി മൂന്നുമാസമെടുത്ത് നടത്തിയ പഠനം പദ്ധതി അനാവശ്യമെന്ന നിഗമനത്തിലാണ് എത്തിയിട്ടുള്ളത്. നിലവിലുള്ള ദേശീയപാതയുടെ ഭൂരിഭാഗവും തീരദേശത്തോട് ചേർന്നാണ് പോകുന്നത്. കടലോരത്ത് നിന്ന് ദേശീയപാത 66ലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം അൻപത് മീറ്ററും കൂടിയ ദൂരം 15 കിലോമീറ്ററുമാണ്. മത്സ്യതൊഴിലാളി മേഖലയിൽ വൻ കുടിയൊഴിപ്പിക്കലിന് വഴിവയ്ക്കുന്നതിന് അപ്പുറം തീരദേശ പാത കൊണ്ട് കാര്യമില്ലെന്നാണ് യു.ഡി.എഫിന്റെ കണ്ടെത്തൽ. 

 

പദ്ധതിയുടെ ഡി.പി.ആറും പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനങ്ങളും നടത്തിയിട്ടില്ലെന്നും വിവരാവകാശ രേഖകളിലൂടെ ഉപസമിതി കണ്ടെത്തി. ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് പരമാവധി ഒരു സെന്റിന് ഒന്നേമുക്കാൽ ലക്ഷം രൂപയെ കിട്ടുവെന്ന് താന്നൂരിലെ ഭൂമി ഏറ്റെടുക്കലിന് മാറ്റിവച്ച തുകയിൽ നിന്നും കണക്കാക്കിയിട്ടുണ്ട്. ഈ വിഷയങ്ങൾ ഉയർത്തി ശക്തമായ ബഹുജനപ്രക്ഷോഭത്തിന് സംഘടിപ്പിക്കണമെന്ന അഭിപ്രായമാണ് യു.ഡി.എഫ് നേതൃയോഗത്തിൽ ഉയർന്നത്. തീരദേശ പാത കടന്നുപോകുന്ന ഇടങ്ങളിലൂടെ നവംബറിൽ പദയാത്ര നടത്തണമെന്ന ആവശ്യവും ചർച്ചയായി. ഇക്കാര്യങ്ങളിൽ അടുത്ത യു.ഡിഎഫ് നേതൃയോഗം തീരുമാനമെടുക്കും. 

 

UDF against coastal road project