സംസ്ഥാനത്ത് വിവിധ ജില്ലകളിലുണ്ടായ വാഹനാപകടങ്ങളില്‍ നാലുമരണം. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് പത്തനംതിട്ട കുളനടയില്‍  രണ്ടു യുവാക്കൾ മരിച്ചു. മലപ്പുറം വളാഞ്ചേരിയി‍ല്‍ കോളജ് അധ്യാപകനും കൊല്ലം കടക്കലില്‍ കെഎസ്ഇബി കരാർ ജീവനക്കാരനുമാണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്.

 

പത്തനംതിട്ട കുളനട - മാന്തുക ഗ്ലോബ് ജംക്ഷന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍  സ്കൂട്ടര്‍ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കാരക്കാട് സ്വദേശി വിഷ്ണു, പെണ്ണുക്കര സ്വദേശി വിശ്വജിത്ത് എന്നിവരാണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച സുഹൃത്ത് അമൽജിത്തിനെ പരുക്കുകളോടെ  വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫുട്ബോൾ കളി കഴിഞ്ഞ് പതിനൊന്നരയോടെ പന്തളത്ത് നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം.

 

പുലർച്ചെ  മലപ്പുറം വളാഞ്ചേരിയിൽ നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞ് കോളജ് അധ്യാപകൻ മരിച്ചു. പാലക്കാട് പട്ടാമ്പി ചെമ്പ്ര സ്വദേശി പ്രസാദാണ് മരിച്ചത്. വളാഞ്ചേരി-മൂച്ചിക്കൽ ബൈപാസിന് സമീപമായിരുന്നു അപകടം. പ്രസാദ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കടമുറിയിലേക്ക് ഇടിച്ച് കയറി. പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പ്രസാദിനെ വളാഞ്ചേരി പൊലീസ്  സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  പുറമണ്ണൂരിലെ സ്വകാര്യ കോളജിൽ ഫിസിക്സ് അധ്യാപകനാണ്. 

 

കൊല്ലം കടയ്ക്കലിൽ ഇന്നലെ രാത്രി ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. കെഎസ്ഇബി കരുകോൺ സെക്ഷനിലെ ജീവനക്കാരൻ മടത്തറ വേങ്കൊല്ല സ്വദേശി രാജൻ ആണ് മരിച്ചത്. മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കൽ മടത്തറ റോഡിൽ കാഞ്ഞിരത്തുംമൂടിന് സമീപമായിരുന്നു അപകടം. ഇടുക്കി മുരിക്കാശേരിയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് മധ്യവയസ്കന് ഗുരുതരമായി പരുക്കേറ്റു. തേക്കിന്‍തണ്ട് സ്വദേശി സണ്ണിക്കാണ് ഗുരുതരമായി പരുക്കേറ്റത്. പത്തനംതിട്ട കെഎസ്ആര്‍ടിസി റോഡില്‍ യൂടേണ്‍ എടുത്ത കാര്‍ ഇന്നലെ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരുക്കേറ്റിരുന്നു.

 

Four accident death reported in Kerala