TAGS

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയതിൽ കാനഡയോട് അതേഭാഷയിൽ തിരിച്ചടിച്ച് ഇന്ത്യ. കാനഡയുടെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്‌ജറെ കൊലപ്പെടുത്തിയത് ഇന്ത്യൻ ഏജൻസികളെന്ന് സൂചനയുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി പാർലമെന്റിൽ പറഞ്ഞതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഇന്ത്യ വിരുദ്ധ പ്രസ്താവനകളും പ്രവർത്തികളും കൊണ്ട് കാനഡയിലിരുന്ന് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്‌ജറിന്റെ കൊലപാതകമാണ് ഇന്ത്യൻ ഏജന്റുമാർ ചെയ്തതെന്ന് കനേഡിയൻ പ്രധാനമന്ത്രി പറയുന്നത്. അതീവ ഗുരുതര ആരോപണം ഉന്നയിക്കുമ്പോൾ പക്ഷെ തെളിവുകൾ എന്തെന്ന് പറഞ്ഞതുമില്ല. ഇന്ത്യയ്ക്ക് മറുപടി എന്ന നിലയിൽ  മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തു. കുറച്ച് കൂടി കടുത്ത ഭാഷയിൽ കനേഡിയൻ വിദേശകാര്യമന്ത്രി മാധ്യമങ്ങളെ കണ്ട് നിലപാട് പറഞ്ഞതോടെ കാനഡ പറയുന്നത് അസംബന്ധമെന്ന മറുപടിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം രംഗത്തുവന്നു. നിയമവാഴ്ച അംഗീകരിക്കുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്ന് പറഞ്ഞ വിദേശകാര്യമന്ത്രാലയം, കനേഡിയൻ മണ്ണിലെ ഇന്ത്യ വിരുദ്ധ നടപടികൾ ശക്തമായ നടപടിയെടുക്കാൻ വീണ്ടും ആവശ്യപ്പെട്ടു. പിന്നാലെ കനേഡിയൻ സ്ഥാനപതിയെ സൗത്ത് ബ്ലോക്കിൽ വിളിച്ചുവരുത്തി. 

ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ കനേഡിയൻ നയതന്ത്രജ്‌ഞർ ഇടപെടുന്നതിലും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലുമുള്ള പ്രതിഫലനമെന്ന് പറഞ്ഞ് അവരുടെ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി. അഞ്ച് ദിവസത്തിനകം രാജ്യം വിടണമെന്നാണ് നിർദേശം. ഇരുരാജ്യങ്ങളും പുറത്താക്കിയത് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയാണ്. ജി20 ഉച്ചകോടിക്കിടെയുള്ള ഉഭയകക്ഷി ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഖലിസ്ഥാൻ വിഷയം ശക്തമായി ഉന്നയിച്ചിരുന്നു. സ്വതന്ത്ര വ്യാപാരക്കാരാർ വഴിമുട്ടിയ അവസ്ഥ. കനേഡിയൻ മന്ത്രിതലസംഘം ഇന്ത്യൻ സന്ദർശനം മാറ്റിവച്ചത്. ഇങ്ങനെ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുമ്പോൾ പ്രശ്നപരിഹാരം ഉണ്ടാകേണ്ടത് രാജ്യങ്ങൾക്കും അതീവപ്രധാനവുമാണ്.  പ്രശ്നം സങ്കീർണമാകുന്നത് വിദ്യാർഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് മലയാളികളെ ആശങ്കയിലാക്കുന്നുണ്ട് 

 

Story Highlights: India expels a senior Canadian diplomat