sivakumarprotestnew-01
  • 'നിക്ഷേപം സമാഹരിച്ചത് ശിവകുമാറിന്‍റെ ബാങ്കെന്ന പേരില്‍'
  • 'രണ്ടുവര്‍ഷമായി പലിശ ലഭിക്കുന്നില്ല'
  • സൊസൈറ്റിപ്രസിഡന്‍റ് പണം പിന്‍വലിച്ചെന്ന് നിക്ഷേപകര്‍
  • പണം നിക്ഷേപിക്കാന്‍ താന്‍ ആരോടും പറഞ്ഞില്ലെന്ന് ശിവകുമാര്‍

അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി വി.എസ് ശിവകുമാറിന്റെ  വീടിന് മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം ശാസ്തമംഗലത്താണ്  രാവിലെ മുതല്‍ നിക്ഷേപകര്‍ പ്രതിഷേധിക്കുന്നത്. നിക്ഷേപത്തിന് രണ്ടുവര്‍ഷമായി പലിശ പോലും ലഭിക്കുന്നില്ലെന്നും സൊസൈറ്റിയുടെ പ്രസിഡന്റ് പണം മുഴുവന്‍ പിന്‍വലിച്ചുവെന്നും നിക്ഷേപകര്‍ പറയുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

ശിവകുമാറിന്‍റെ ഉത്തരവാദിത്തത്തിലാണ് പണം നിക്ഷേപിച്ചതെന്ന് മുന്നൂറോളം വരുന്ന പ്രതിഷേധക്കാര്‍ പറയുന്നു. കോ–ഓപറേറ്റീവ് സൊസൈറ്റിയും ശിവകുമാറും തമ്മില്‍ ബന്ധമുണ്ടെന്നും ശിവകുമാറിന്റെ ബെനാമിയായ രാജേന്ദ്രനാണ് ബാങ്കിന്റെ പ്രസിഡന്റെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. ശിവകുമാറിന്റെ ബാങ്കാണെന്ന് പറഞ്ഞാണ് നിക്ഷേപം സമാഹരിച്ചത്. പലതവണ പ്രതിഷേധവുമായി ശിവകുമാറിനെ സമീപിച്ചെങ്കിലും മകളുടെ വിവാഹമാണെന്നും പിന്നീട് പരിഹരിക്കാമെന്നുമായിരുന്നു അദ്ദേഹം മറുപടി നല്‍കിയതെന്ന് നിക്ഷേപകര്‍ വെളിപ്പെടുത്തി. എന്നാല്‍ മകളുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ എത്തിയപ്പോള്‍ ബാങ്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതിനപ്പുറം ബാങ്കുമായി തനിക്ക് ബന്ധമില്ലെന്നും ബോര്‍ഡ് മെംബര്‍ പോലുമല്ലെന്നും തനിക്ക് പണമിടപാടില്‍ പങ്കില്ലെന്നും ശിവകുമാര്‍ മലക്കം മറിഞ്ഞതായും നിക്ഷേപകര്‍ ആരോപിക്കുന്നു.

 

ബാങ്കിന് മൂന്ന് ശാഖകളാണ് ഉണ്ടായിരുന്നത്. കിള്ളിപ്പാലത്തെ പ്രധാനശാഖ വാടക നല്‍കാത്തതിനെ കൊണ്ട് അടച്ചുപൂട്ടി. സംഭവത്തില്‍ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പരാതി നല്‍കുമെന്ന് നിക്ഷേപകര്‍ വ്യക്തമാക്കി. 

 

അതേസമയം, പണം നിക്ഷേപിക്കാന്‍ താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും നിക്ഷേപകരുടെ പരാതിയില്‍ അന്വേഷണം വേണമെന്നും ശിവകുമാര്‍ പ്രതികരിച്ചു.

 

 

Protest in front of V S Sivakumar's house, TVM

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.