tvmfloodhavoc-15
  • മഴ ആരംഭിച്ചത് ഇന്നലെ രാത്രി എട്ടുമണിയോടെ
  • വാഹനങ്ങളും ഗൃഹോപകരണങ്ങളും വെള്ളത്തില്‍ കുതിര്‍ന്നു
  • രക്ഷാപ്രവര്‍ത്തനം നടത്തി ഫയര്‍ഫോഴ്സും മല്‍സ്യ തൊഴിലാളികളും

ഒറ്റരാത്രി പെയ്ത പേമാരിയിൽ തിരുവനന്തപുരം നഗരം മുങ്ങി. ആശുപത്രിയും ഹോസ്റ്റലും ടെക്നോപാർക്കുമടക്കം അഞ്ഞൂറിലേറെ വീടുകളിൽ വെളളം കയറി. ഗൃഹോപകരണങ്ങളും വാഹനങ്ങളും വെള്ളത്തിൽ കുതിർന്ന് വൻ നാശനഷ്ടം. കഴക്കൂട്ടത്ത് വെള്ളം കയറിയ വീടുകളിൽ കുടുങ്ങിയ ടെക്നോപാർക്ക് ജീവനക്കാരടക്കം ഒട്ടേറെപ്പേരെ രക്ഷിച്ചു. കണ്ണമ്മൂലയിൽ ആമയിഴഞ്ചാൻ തോട് കരകവിഞ്ഞ് ഒഴുകിയതോടെ വെളളക്കെട്ട് വ്യാപകമായി. മഴ കുറഞ്ഞെങ്കിലും വെള്ളപ്പൊക്കം കുറയാത്തതിനാൽ ദുരിതം തുടരുകയാണ്. കൊച്ചുവേളിയിലെ റെയില്‍വേ പിറ്റ്​ലൈനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന കേരള എക്​സ്​പ്രസിന്‍റെ സമയം രാത്രി 7.35 ലേക്ക് പുനഃക്രമീകരിച്ചു.

 

ഇന്നലെ രാത്രി എട്ടുമണിയോടെ ആരംഭിച്ച പെരുമഴ നേരം പുലർന്നിട്ടും തുടര്‍ന്നു. 2018 പ്രളയ കാലത്ത് പോലും തലസ്ഥാന നഗരം കണ്ടിട്ടില്ലാത്ത വെള്ളപ്പൊക്കമാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. ജില്ലയിലെ  ഏറ്റവും വികസിത നഗരം എന്ന് കരുതുന്ന കഴക്കൂട്ടം ഏതാണ്ട് പൂർണമായും വെള്ളത്തിനടിയിലായിരുന്നു. കഴക്കൂട്ടം നഗരത്തിനും ടെക്നോപാർക്കിനും ഇടയിലുള്ള ജനവാസ മേഖല വെള്ളത്തിൽ മുങ്ങി. ഫയർഫോഴ്സിന്റെയും മത്സ്യത്തൊഴിലാളികളുടെയും ബോട്ടിൽ അർദ്ധരാത്രി തുടങ്ങിയ രക്ഷാപ്രവർത്തനം ഉച്ചയോടെയാണ് പൂർത്തിയായത്.

 

നഗരത്തോട് ചേർന്ന് കിടക്കുന്ന കണ്ണമ്മൂല , പുത്തൻ പാലം, ഗൗരീശപട്ടം ഭാഗമെല്ലാം തോടായി മാറിയിരുന്നു. വീടുകൾ മാത്രമല്ല ഒട്ടേറെ വാഹനങ്ങളും വെള്ളത്തിലായി. തേക്കുംമൂട് ബണ്ട് കോളനിയിൽ 106 വീടുകളാണ് വെള്ളത്തിൽ മുങ്ങിയത്. ദേശീയപാതയിൽ അടക്കം പലയിടങ്ങളിലും വെള്ളക്കെട്ട് നിറഞ്ഞ് ഗതാഗത തടസവും രൂക്ഷമായി. പത്തുമണിയോടെ മഴ അല്‍പം കുറഞ്ഞെങ്കിലും മലയോരമേഖലയിൽ നിന്നുള്ള വെള്ളപ്പാച്ചിൽ തുടരുന്നതിനാൽ വെള്ളക്കെട്ട് കൂടിക്കൊണ്ടിരിക്കുകയാണ്.അതിനാൽ വരുന്ന മണിക്കൂറുകളിലും തലസ്ഥാനത്ത് ആശങ്കയുടെ കാർമേഘം തുടരുന്നു.

 

Heavy rain in Trivandrum, 500 houses inundated

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ