ceasefirerussian-15
  • 'യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് വോട്ടിനിടണം'
  • 3 മണിക്കൂറത്തേക്ക് സുരക്ഷിത പാതയൊരുക്കാമെന്ന് ഇസ്രയേല്‍
  • രണ്ടാമത്തെ അമേരിക്കന്‍ യുദ്ധക്കപ്പലും മെഡിറ്ററേനിയന്‍ കടലില്‍

യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇസ്രയേല്‍–ഹമാസ് സംഘര്‍ഷം ചര്‍ച്ച ചെയ്ത് വോട്ടിനിടണമെന്ന് ആവശ്യമുയര്‍ത്തി റഷ്യ. അടിയന്തരമായി വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്നും സാധാരണക്കാര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കും എല്ലാത്തരത്തിലുമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയും കൊണ്ടുവന്ന കരട് പ്രമേയത്തിലാണ് വോട്ടെടുപ്പ് റഷ്യ ആവശ്യപ്പെട്ടത്. അതേസമയം, ഗാസയില്‍ കരയുദ്ധം ഉടനെ ആരംഭിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ രണ്ടാമത്തെ അമേരിക്കന്‍ യുദ്ധക്കപ്പലും മെഡിറ്ററേനിയന്‍ കടലില്‍ ഇസ്രയേലിന് സമീപമെത്തി. മൂന്ന് മണിക്കൂര്‍ നേരത്തേക്ക് സുരക്ഷിത പാത തുറക്കാമെന്ന് ഇസ്രയേല്‍ അറിയിച്ചു.

 

ലെബനന്‍ അതിര്‍ത്തിയിലും സംഘര്‍ഷം തുടരുകയാണ്.ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നു ആവശ്യപ്പെട്ട സൗദി അറേബ്യ  ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ, ഒ.ഐ.സിയുടെ അസാധാരണ അടിയന്തിര യോഗവും വിളിച്ചു. ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ പലസ്തീന്‍ അനുകൂല റാലികള്‍ നടന്നു. വൈറ്റ് ഹൗസിന് മുമ്പിലും പാലസ്തീന്‍ അനുകൂല റാലികള്‍ നടന്നു. . ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായും പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും യുഎസ്. പ്രസിഡന്റ് ബൈഡന്‍ സംസാരിച്ചു.

 

വടക്കന്‍ ഗാസയില്‍ നിന്നും ജനങ്ങളുടെ കൂട്ടപ്പലായനം തുടരുകയാണ്. പലായനം ചെയ്തവര്‍ക്കുനേരെ ഇസ്രയേലിന്റെ വ്യോമാക്രമണം ഉണ്ടായെന്ന് ഹമാസ് ആരോപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ വ്യോമാക്രമണത്തിൽ മാത്രം 344  പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 126 കുട്ടികളും 88 സ്ത്രീകളും ഉൾപ്പെടുന്നു. ഗർഭിണികളും വൃദ്ധരും കുട്ടികളും ഉൾപ്പെടെയുള്ളവർ വൈദ്യ സഹായം കിട്ടാതെ ദുരിതത്തിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

 

Russia calls for ceasefire in Israel-Hamas conflict

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ