മലയാളത്തിലെ സമുന്നത സാഹിത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം ഭാഷാചരിത്ര പണ്ഡിതനും നിരൂപകനുമായ പ്രഫസര്‍ എസ്.കെ. വസന്തന്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. കുട്ടികളെ വായനയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കൂട്ടായ ശ്രമം ആവശ്യമാണെന്ന് പ്രഫസര്‍ വസന്തന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

 

സാഹിത്യരംഗത്തെ സമഗ്രസംഭാവന മുന്‍നിര്‍ത്തിയാണ് പ്രഫസര്‍ എസ്.കെ. വസന്തന് എഴുത്തച്ഛന്‍ പുരസ്കാരം സമ്മാനിക്കുന്നതെന്ന് മന്ത്രി സജിചെറിയാന്‍. ഉപന്യാസം, നോവല്‍, ചെറുകഥ, കേരള ചരിത്രം, വിവര്‍ത്തനം എന്നിങ്ങനെ വിവിധ ശാഖകളിലായി പ്രഫസര്‍ വസന്തന്‍ രചിച്ച ഗ്രന്ഥങ്ങള്‍ വൈജ്ഞാനിക സാഹിത്യത്തിനും മികച്ച ഉപലബ്ധിയാണെന്ന് പുരസ്കാര നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു. കേരളസംസ്കാര  ചരിത്ര നിഘണ്ടു, നമ്മള്‍ നടന്ന വഴികള്‍,പടിഞ്ഞാറന്‍ കാവ്യമീമാംസ, സാഹിത്യ സംവാദങ്ങള്‍ , കാലം സാക്ഷി, കാല്‍പ്പാടുകള്‍, എന്റെ ഗ്രാമം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. എഴുത്തച്ഛന്‍ പുരസ്കാരലബ്ധിയില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം പുതിയ തലമുറ വായനയില്‍ നിന്ന് അകലുന്നതിന്റെ ദുഃഖവും മനോരമ ന്യൂസുമായി പങ്കിട്ടു. 

 

എണ്‍പത്തിയൊന്‍പതിലേക്ക് കടക്കുന്ന പ്രഫ വസന്തന്‍ വിമോചന സമരകാലത്തെക്കുറിച്ചുള്ള പുതിയ രചനയുടെ തയാറെടുപ്പിലാണ്. ഭരണഭാഷാ സമതിയുടെ ആദരം ഏറ്റുവാങ്ങാന്‍ തലസ്ഥാനത്തെത്തിയ അദ്ദേഹത്തിന് എഴുത്തച്ഛന്‍ പുരസ്കാര ലബ്ധി ഇരട്ടിമധുരമായി

 

Ezhuthachan Puraskaram for prof SK Vasanthan