ratfeverspreadker-02
  • കഴിഞ്ഞ മാസം രോഗബാധിതരായത് 762 പേര്‍
  • മലിനജലത്തില്‍ ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്ന് കഴിക്കണം
  • തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് എലിപ്പനിക്കേസുകളില്‍ വന്‍ വര്‍ധന. ഒരുമാസത്തിനിടെ എലിപ്പനി ബാധിച്ച് 50 പേര്‍ മരിച്ചപ്പോള്‍ ഈ വര്‍ഷമാകെ 220 ജീവന്‍ നഷ്ടമായി. ഒക്ടോബറില്‍ 762 പേര്‍ക്ക് രോഗം ബാധിച്ചു. രോഗബാധിതരുടെ എണ്ണമുയരാമെന്നും മലിനജലത്തില്‍  ഇറങ്ങുന്നവര്‍ നിര്‍ബന്ധമായും പ്രതിരോധ മരുന്ന് കഴിക്കണമെന്നും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

മഴ ശക്തിപ്പെട്ടതോടെ നാടൊട്ടുക്കും വെളളക്കെട്ടും രൂപപ്പെട്ടു. എലിമാളങ്ങളില്‍ വെളളം കയറിയതോടെ എലിമൂത്രത്തിലൂടെ പകരുന്ന എലിപ്പനി ജീവനെടുത്ത് തുടങ്ങി. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 1 വരെയുളള ദിവസങ്ങളില്‍ 50 പേരുടെ ജീവന്‍ പൊലിഞ്ഞു. 15 പേരുടെ മരണം എലിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചപ്പോള്‍ 35 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയാണ് . ഈ വര്‍ഷം  ആകെ 72 എലിപ്പനി മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 148 പേരുടെ മരണം എലിപ്പനി കാരണമെന്ന് സംശയിക്കുന്നു എന്നു കൂടി അറിയുമ്പോഴാണ് രോഗത്തിന്റെ ഗൗരവം ബോധ്യപ്പെടുക. രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തൊഴിലുറപ്പ് തൊഴിലാളികളിലാണ്. എലി കൂടാതെ നായ , പൂച്ച , കന്നുകാലികള്‍ എന്നിവയുടെ മൂത്രത്തിലൂടെയും രോഗാണു പകരാം. മുറിവുകളിലൂടെയും നേര്‍ത്ത ശരീരഭാഗങ്ങള്‍ വഴിയും കണ്ണുകള്‍ വഴിയും രോഗാണുക്കള്‍ ഉളളില്‍ക്കടക്കും. 

 

മലിന ജലത്തിലിറങ്ങുന്നവര്‍ ഡോക്സിസൈക്ളിന്‍  പ്രതിരോധമരുന്ന് നിര്‍ബന്ധമായും കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. എലിപ്പനിക്ക് പുറമെ ഡെങ്കിപ്പനി ഉള്‍പ്പെടെ മറ്റ്  പകര്‍ച്ചവ്യാധികളുടെയും  പെരുമഴക്കാലമാണ്.  കടുത്ത പനി ഉള്‍പ്പെടെ നീണ്ടു നിലക്കുന്ന രോഗലക്ഷങ്ങളെ അവഗണിക്കരുതെന്നും ചികില്‍സ തേടണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 

 

50 lives lost in a month, Rat fever on the rise in Kerala, alert