കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു പേരേയും തിരിച്ചറിഞ്ഞു. മൂന്നു വിദ്യാര്‍ഥികളും ഒരു യുവാവുമാണ് മരിച്ചത്. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, പറവൂര്‍ സ്വദേശിനി ആന്‍ റിഫ്റ്റ, താമരശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജേക്കബ് എന്നിവരാണ് മരിച്ചത്. ആല്‍വിന്‍ കുസാറ്റ് വിദ്യാര്‍ഥിയല്ല. സുഹൃത്തുക്കള്‍ക്കൊപ്പം ക്യാംപസില്‍ എത്തിയതാണ് ആല്‍വിന്‍ .
മരിച്ച മൂന്നുപേരും കുസാറ്റിലെ രണ്ടാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്. നാലുപേരെയും എത്തിച്ചത് മരിച്ച നിലയിലായിരുന്നു. രണ്ടുപേരുടെ നില അതീവ ഗുരുതരം. 49 പേര്‍ക്ക് പരുക്കേറ്റു. കുസാറ്റില്‍ ഹെല്‍പ്‌ലൈന്‍ തുടങ്ങി, നമ്പര്‍: 8075774769. കളമശേരി മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗംചേര്‍ന്നു. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി രാവിലെ തന്നെ മൃതദേഹങ്ങള്‍ വിട്ടുനല്‍കും. ആന്‍ റിഫ്റ്റയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റും
ടെക്ഫെസ്റ്റ് ‘ധിഷ്ണ’യുടെ ഭാഗമായിരുന്നു ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള സംഘടിപ്പിച്ചത്. വൈകിട്ട് ഏഴുമണിയോടെയാണ് അപകടമുണ്ടായത്. പരിപാടി തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു ദുരന്തം. ഓഡിറ്റോറിയത്തിന് ഒരു ഗെയ്റ്റ് മാത്രമാണുണ്ടായിരുന്നത്. പ്രവേശന കവാടത്തിലാണ് തിരക്കുണ്ടായത്. തിക്കിലും തിരക്കിലും വിദ്യാര്‍ഥികള്‍ ബോധംകെട്ടുവീണു. ക്യാംപസില്‍ നിന്ന് മറ്റു വിദ്യാര്‍ഥികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. പരിപാടിക്കിടെ ആളുകള്‍ തള്ളിക്കയറിയതാണ് അപകടകാരണം. ക്യാംപിനു പുറത്തു നിന്നുള്ളവരും പരിപാടി കാണാനെത്തിയിരുന്നു. മഴ പെയ്തപ്പോള്‍ പുറത്തു നിന്നവരും ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറുകയായിരുന്നു. ഗാനമേള തുടങ്ങുന്നതിനു തൊട്ടുമുന്‍പുള്ള ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു. കവാടത്തിനടുത്ത് വന്‍ തിരക്ക് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരിപാടി തുടങ്ങുന്നതിനു മുന്‍പാണ് ദുരന്തം സംഭവിക്കുന്നത്. ഓഡിറ്റോറിയത്തിന് ഒരു ഗെയ്റ്റ് മാത്രമാണുള്ളത് .
മന്ത്രിസഭായോഗം അടിയന്തരമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മന്ത്രിമാരായ പി.രാജീവും ആര്‍.ബിന്ദുവും കൊച്ചിയിലേക്ക് തിരിച്ചു. ദുഃഖകരമായ സംഭവമെന്നും ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിച്ചെന്നും പി.രാജീവ് പ്രതികരിച്ചു. തൃശൂര്‍ മെഡി. കോളജിലെ സര്‍ജറി, ഓര്‍ത്തോ ഡോക്ടര്‍മാരും കൊച്ചിയിലെത്തും. അപകടത്തിന്റ പശ്ചാത്തലത്തില്‍ നാളത്തെ നവകേരള സദസില്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ അറിയിച്ചു. തൃശൂര്‍ മെഡി. കോളജിലെ സര്‍ജറി, ഓര്‍ത്തോ ഡോക്ടര്‍മാരും കൊച്ചിയിലെത്തും.
ആയിരം പേരെ മാത്രം ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയത്തിലായിരുന്നു അപകടമെന്നു എഡിജിപി എം.ആര്‍.അജിത്കുമാര്‍ പറഞ്ഞു. മഴയുള്ളപ്പോള്‍ തിരക്കിക്കയറാന്‍ ശ്രമമുണ്ടായത് അപകടകാരണമായി. പൊലീസ് സുരക്ഷ തേടിയിരുന്നതായി അറിയില്ലെന്നും കമ്മിഷണര്‍ പ്രതികരിച്ചു.
തിരക്കില്‍ കുട്ടികള്‍ ഓഡിറ്റോറിയത്തിലെ ചവിട്ടുപടിയില്‍ മറിഞ്ഞു വീണെന്നു കുസാറ്റ് വി.സി. മനോരമ ന്യൂസിനോട് പറഞ്ഞു. മൂവായിരം പേരെ വരെ ഉള്‍ക്കൊള്ളാനാകുന്ന സ്റ്റേഡിയമാണ്. പൊലീസിനെ അറിയിച്ചിരുന്നെന്നും വൈസ് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.
പൊതുജനങ്ങളുടെ തള്ളിക്കയറ്റമുണ്ടായപ്പോള്‍ നിയന്ത്രിക്കാനായില്ലെന്നു കളമശേരി കുസാറ്റ് ക്യാംപസിലെ അപകടത്തിന്റെ ദൃക്സാക്ഷി മനോരമ ന്യൂസിനോട് പറഞ്ഞു. പരിപാടി തുടങ്ങുമ്പോള്‍ തന്നെ ആള്‍ക്കൂട്ടം അധികമായിരുന്നു. പ്രവേശിക്കാനും പുറത്തേക്കുപോകാനും ഒരേ കവാടമായിരുന്നത് ദുരന്തത്തിനിടയാക്കി. പരിപാടിയിലേക്ക് പ്രവേശനം നിയന്ത്രിച്ചിരുന്നത് കുട്ടികളായ വളണ്ടിയര്‍മാരായിരുന്നു. മഴപെയ്തപ്പോള്‍ ഓഡിറ്റോയത്തിലേക്ക് തള്ളിക്കയറിയതാണ് അപകടകാരണമെന്നും ദൃക്സാക്ഷി പറഞ്ഞു.
Stampede during Tech Fest at Cusat, at least four dead