കൊച്ചി കുസാറ്റില്‍ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിക്കാനിടയായ ഗാനമേളയുടെ സംഘാടകരെ ഇന്ന് പ്രതി ചേര്‍ത്തേക്കും. അസ്വാഭാവിക മരണത്തിന് കളമശേരി പൊലീസ് കേസെടുത്തു. ആശുപത്രിയിലുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിശദമായ അന്വേഷണത്തിന് ശേഷമാകും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, പറവൂര്‍ സ്വദേശിനി ആന്‍ റിഫ്റ്റ, താമരശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജേക്കബ് എന്നിവരാണ് മരിച്ചത്.
അതേസമയം പരുക്കേറ്റ വിദ്യാർഥികളുടെ ചികിത്സാ ചെലവ് സർവകലാശാല വഹിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. അപകടത്തെ കുറിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പും അന്വേഷണം നടത്തും. സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവും ചികിത്സയിലുള്ളവരെ സന്ദർശിച്ച ശേഷം പറഞ്ഞു.