കൊച്ചി സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലുപേരുടെയും പോസ്റ്റുമോർട്ടം നടപടികള്‍ അല്‍പസമയത്തിനകം ആരംഭിക്കും . മരിച്ച അതുൽ തമ്പി , സാറാ തോമസ്, ആൻ റിഫ്റ്റ , ആൽബിൻ ജോസഫ് എന്നിവരുടെ ഇൻക്വസ്റ്റ് നടപടികൾ രാത്രി പൂർത്തിയാക്കി. ഒരേസമയം കളമശേരി മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലുമായാണ് പോസ്റ്റ്മോർട്ടം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മുൻപായി മൃതദേഹങ്ങൾ വിട്ടുനൽകും. പോസ്റ്റുമോർട്ടത്തിനു ശേഷം മരിച്ച മൂന്നുവിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കുസാറ്റിൽ പൊതുദർശനത്തിനു വയ്ക്കും.
പരുക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 38 പേരാണ് പരുക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. കുസാറ്റിലെ ടെക് ഫെസ്റ്റ് സമാപനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഗാന സന്ധ്യ വേദിയിലാണ് ഇന്നലെ വൈകിട്ട് ഏഴുമണിയോടെ അപകടമുണ്ടായത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. അസ്വാഭാവിക മരണത്തിന് കളമശേരി പൊലീസ് കേസെടുത്തു.