മൂന്ന് സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി ബിജെപി. മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാന്‍ നിരീക്ഷകരെ ഉടന്‍ നിയോഗിക്കും. ഹിന്ദി ഹൃദയഭൂമിയിലെ മിന്നുന്ന വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി സഭാ പുനഃസംഘടനയുണ്ടാകുമോ, ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തുമോ തുടങ്ങിയ ചര്‍ച്ചകള്‍ സജീവമായി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മധ്യപ്രദേശില്‍ ശിവ്‌രാജ് സിങ് ചൗഹാനും രാജസ്ഥാനില്‍ വസുന്ധരാ രാജെയ്ക്കും ഛത്തീസ്ഗഡില്‍ രമണ്‍ സിങ്ങിനും മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിക്കുമെന്ന് അഭ്യൂഹമുണ്ട്. മധ്യപ്രദേശില്‍ നരേന്ദ്ര സിങ് തോമര്‍, കൈലാഷ് വിജയ്‍വര്‍ഗിയ, ഫഗ്ഗന്‍ സിങ് കുലസ്തെ, പ്രഹ്ലാദ് പട്ടേല്‍ എന്നിവരുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. രാജസ്ഥാനില്‍ മഹന്ത് ബാലക്നാഥ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ദിയാ കുമാരി, ഗജേന്ദ്ര സിങ് ശെഖാവത്ത്, ഭുപേന്ദ്ര യാദവ്, ഒാം ബിര്‍ല, അശ്വിനി വൈഷണവ് എന്നിവരുടെ പേരും തള്ളിക്കളയാനാകില്ല. അരുണ്‍ സാഹു, ഒ.പി ചൗധരി, രേണുക സിങ്, വിഷ്ണു ദേവ് സായ്, ബ്രിജ് മോഹന്‍ അഗര്‍വാള്‍ എന്നിവരും ഛത്തീസ്ഗഡിനെ നയിക്കാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റിലുണ്ട്.
ദേശീയ നേതൃത്വം നിയോഗിക്കുന്ന നിരീക്ഷകര്‍ സംസ്ഥാനങ്ങളിലെത്തി എംഎല്‍എമാരുമായി സംസാരിക്കും. കേന്ദ്രമന്ത്രിസഭയിലെ മൂന്ന് അംഗങ്ങള്‍ ജയിച്ച സാഹചര്യത്തില്‍ കേന്ദ്രമന്ത്രിസഭാ പുനസംഘടനയുണ്ടാകുമോയെന്ന ചര്‍ച്ചകളും സജീവമാണ്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നില്‍ക്കെ വിപുലമായ അഴിച്ചുപണിക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഹിന്ദി ഹൃദയ ഭൂമിയിലെ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ ലോക്സഭ നേരത്തെ പിരിച്ചുവിട്ട് നരേന്ദ്ര മോദി മൂന്നാം ഉൗഴത്തിനായുള്ള പോരാട്ടത്തിന് ഇറങ്ങുമോയെന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു. അത്തരം സാധ്യതയില്ലെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22ന് തുറക്കും. കാലാവധി തികച്ചാകും മോദി 2024 ലെ പോരാട്ടത്തിന് ഇറങ്ങുക. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ ആത്മവിശ്വാസത്തില്‍ വാജ്പേയി നേരത്തെ തിരഞ്ഞെടുപ്പിലേയ്ക്ക് പോയി തിരിച്ചടി നേരിട്ടത് ബിജെപിക്ക് മുന്നിലുണ്ട്.