നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ദേഷ്യം പാര്‍ലമെന്‍റില്‍ തീര്‍ക്കാന്‍ വരരുതെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി. ശൈത്യകാല സമ്മേളനത്തിന്‍റെ ആദ്യ ദിനം പ്രതിഷേധത്തില്‍ മുങ്ങി. ലോക്സഭ രാവിലെ നിര്‍ത്തിവച്ചു. കേരളത്തിന്‍റെ ജിഎസ്ടി വിഹിതം വെട്ടിക്കുറിച്ചത് ഇടത് എംപിമാര്‍ രാജ്യസഭയില്‍ ഉന്നയിച്ചു. വോട്ടിന് കോഴ വിവാദത്തില്‍ ടിഎംസി എംപി മഹുവ മൊയ്ത്രയ്ക്കെതിരെ നടപടിക്ക് ഭരണപക്ഷം ഇന്ന് പ്രമേയം കൊണ്ടുവന്നില്ല. വിഡിേയാ റിപ്പോര്‍ട്ട് കാണാം.
ഹിന്ദി ഹൃദയഭൂമിയിലെ മിന്നുന്ന വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൈയടികളോടെയാണ് ബിജെപി എംപിമാര്‍ ലോക്സഭയില്‍ സ്വീകരിച്ചത്. മോദി സര്‍ക്കാരിന് മൂന്നാം ഉൗഴം, വീണ്ടും വീണ്ടും മോദി സര്‍ക്കാര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി. പ്രതിപക്ഷം അവരുടെ സമീപനം മാറ്റണമെന്നും എതിര്‍ക്കാനായി മാത്രം എതിര്‍ക്കരുതെന്നും ശൈത്യകാല സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം ക്രിയാത്മകമായി ഇടപെടണം. പാര്‍ലമെന്‍റില്‍ ചര്‍ച്ചകള്‍ നടക്കാത്ത സാഹചര്യമുണ്ടാകരുത്.
തനിക്ക് എതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി എംപി രമേശ് ബിദൂഡിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിഎസ്പി എംപി ഡാനിഷ് അലി പ്രതിഷേധിച്ചു. പ്രധാനമന്ത്രിക്കെതിരെ താന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ബിജെപി വ്യാജപ്രചാരണം നടത്തുന്നതായും ഡാനിഷ് അലി ആരോപിച്ചു. പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച ഡാനിഷ് അലിയോട് പ്ലക്കാര്‍ഡ് മാറ്റാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചു. ഡാനിഷ് അലി വഴങ്ങിയില്ല. പ്രതിപക്ഷ അംഗങ്ങളില്‍ ചിലര്‍ പിന്തുണച്ചു. ബഹളത്തില്‍ മുങ്ങി സഭ നിര്‍ത്തവച്ചു.
കേരളത്തിന് ജിഎസ്ടി വിഹിതം കുറഞ്ഞതായും നെല്ല് സംഭരണത്തില്‍ പാളിച്ചയുണ്ടെന്നും എളമരം കരീമും പി സന്തോഷ് കുമാറും രാജ്യസഭയില്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ യാത്രക്കിടെ പ്രതിഷേധിക്കുന്നവരെ പൊലീസ് ക്രൂരമായി കൈകാര്യം ചെയ്യുന്നുവെന്ന് ആരോപിച്ച് കെ സുധാകരനും ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് ചൂണ്ടിക്കാട്ടി കൊടിക്കുന്നില്‍ സുരേഷും ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ എന്‍.കെ പ്രേമചന്ദ്രനും അടിയന്തര പ്രമേയ നോട്ടീസുകള്‍ നല്‍കി. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല.