തെലങ്കാനയിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ വേഗത്തിലാക്കി കോൺഗ്രസ്. നിയമസഭാ കക്ഷി യോഗം ചേർന്നു പുതിയ നേതാവിനെ കണ്ടെത്താൻ കോൺഗ്രസ് ദേശീയ നേതൃത്വത്തെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി.  കനത്ത തിരിച്ചടിയേറ്റ ബിആർഎസിന് അമ്പരപ്പുളവാക്കി ഭദ്രാചലത്തു നിന്നു ജയിച്ച  എംഎൽഎ തെല്ലം വെങ്കട്ടറാവു കോൺഗ്രസിനെ പിന്തുണച്ച്  രേവന്ത് റെഡ്ഡിയെ നേരിൽ കണ്ടു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

വമ്പിച്ച വിജയം നേടിയതിന്റെ മാധുര്യം മായുന്നതിനു മുൻപേ സർക്കാർ രൂപീകരിക്കാണ് നീക്കം. ഇന്നലെ വൈകീട്ട് എഐസിസി നിരീക്ഷകനായി എത്തിയ കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എംഎൽഎമാരെ നേരിട്ട് കണ്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. പുറകെ  ഗവർണർ തമിഴ്സൈ സൗന്ദർ രാജാനെ കണ്ട് അവകാശവാദം ഉന്നയിച്ചു. ഡി.കെയുടെ നേതൃത്വത്തിൽ രാജ് ഭവനിൽ എത്തിയാണ് 64 എംഎൽഎമാരുടെ  പിന്തുണ ഉള്ള കാര്യം അറിയിച്ചത്. രാവിലെ 11മണിയോടെ ആണ് ഹൈദരാബാദ് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ നിയസഭാ കക്ഷി യോഗം തുടങ്ങിയത്. നിയസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസ്‌ ദേശീയ നേതൃത്വത്തെ ചുമതലപെടുത്തുന്ന  പ്രമേയം യോഗത്തിൽ പാസാക്കി.

എഐസിസി നിയോഗിച്ച നിരീക്ഷക സംഘത്തെ നയിക്കുന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഢിയുടെ പേര് തന്നയാണ് യോഗത്തിൽ ഉയർന്നു വന്നത്. നിർജീവമായിരുന്ന പാർട്ടിയെ ഇന്ന് കാണുന്ന തരത്തിൽ ഉള്ള വിജയത്തിലേക്ക് നയിച്ച ആൾ എന്ന നിലയിലും. മാസങ്ങൾക്ക് മുൻപ് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം മികവുറ്റ രീതിയിൽ സംഘടിപ്പിച്ച ആൾ എന്ന നിലയിലും സോണിയ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കന്മാരുടെ പിന്തുണ രേവന്തിനുണ്ട്. 

അതേസമയം, നിലവിലെ നിയമസഭാകക്ഷി നേതാവും പാർട്ടിയുടെ ദളിത് മുഖവുമായ മല്ലു ബാട്ടി വിക്രമമാർഗെയെ പിണക്കാനും  കോൺഗ്രസിന് കഴിയില്ല. വിക്രമാർഗെയ്ക്ക് ഉപമുഖ്യമന്ത്രി പദവി നൽകാനാണ്  നിലവിൽ ദേശീയ നേതൃത്വം ആലോചിക്കുന്നത്.തർക്കങ്ങൾ ഇല്ലാതെ നേതാവിനെ കണ്ടെത്തണമെന്നതും പാർട്ടിയെ സംബന്ധിച്ച് നിർണായകമാണ്. സോണിയ ഗാന്ധിയുടെ ജന്മദിനമായ 9ന് ഹൈദരാബാദ് എൽബിഎസ് സ്റ്റേഡിയത്തിൽ പുതിയ സർക്കാരിന്റെ സത്യ പ്രതിജ്ഞയുണ്ടാകുന്ന തരത്തിൽ ആണ് നിലവിൽ ആലോചനകൾ മുറുകുന്നത്. 

അതേസമയം, കോൺഗ്രസിനു പിന്തുണയുമായി ബിആർഎസ് എംഎൽഎ രംഗത്ത് എത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ അമ്പരപ്പുണ്ടാക്കി. ഭദ്രാചലം എംഎൽഎ  തെല്ലംവെങ്കട്ടറാവുവിന്റെ നടപടി സ്വഭാവിക അഭിനന്ദനം അറിയിക്കൽ മാത്രമാകാനാണ് സാധ്യത. അല്ലാത്ത പക്ഷം കൂറുമാറ്റ നിയമത്തില്‍ പെട്ട് അയോഗ്യനാവും.