dr-ea-ruwais-2
  • സ്ത്രീധനം ചോദിച്ചതില്‍ റുവൈസിന്‍റെ പിതാവിന് പങ്കെന്ന് ഷഹ്നയുടെ കുടുംബം
  • പ്രതി ചേര്‍ക്കുന്നതില്‍ തീരുമാനം പിന്നീട്

ഭീമമായ സ്ത്രീധന ആവശ്യം നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്ത് വിവാഹത്തില്‍ നിന്നും പിന്‍മാറിയതിന്‍റെ മനോവിഷമത്തില്‍ യുവ ഡോക്ടര്‍ ജീവനൊടുക്കിയ കേസില്‍ പ്രതി ഡോ. റുവൈസിന്റെ പിതാവിലേക്കും അന്വേഷണം. ഇയാളെ പൊലീസ് ചോദ്യംചെയ്യും. ഷഹ്നയുടെ കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ത്രീധനം ചോദിച്ചതില്‍ പിതാവിനും പങ്കുണ്ട്. ചോദ്യംചെയ്ത ശേഷം പ്രതി ചേര്‍ക്കണമോയെന്ന് തീരുമാനിക്കും. റുവൈസിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം നിലനില്‍ക്കുമോയെന്ന കാര്യവും പൊലീസ് പരിശോധിക്കും.  

റുവൈസിനെ സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടെന്ന് തെളിഞ്ഞാല്‍ ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വകലാശാലയും അറിയിച്ചിരുന്നു. കരുനാഗപ്പള്ളിയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത റുവൈസിനെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. 

 

150 പവന്‍ സ്വര്‍ണവും ബിഎംഡബ്ല്യു കാറും വസ്തുവും പണവുമാണ് ഷഹ്നയുമായി പ്രണയത്തിലായിരുന്ന റുവൈസിന്‍റെ കുടുംബം ആവശ്യപ്പെട്ടത്. ഇത്രയും നല്‍കാനില്ലെന്നും അന്‍പത് ലക്ഷം രൂപയും അന്‍പത് പവന്‍ സ്വര്‍ണവും കാറും നല്‍കാമെന്ന് ഷഹ്നയുടെ കുടുംബം അറിയിച്ചുവെങ്കിലും റുവൈസിന്‍റെ വീട്ടുകാര്‍ വഴങ്ങിയില്ല. കുടുംബത്തിന്‍റെ തീരുമാനത്തെ എതിര്‍ക്കാന്‍ സാധിക്കില്ലെന്ന് റുവൈസ് വ്യക്തമാക്കിയതോടെ മനംനൊന്ത് ഷഹ്ന ജീവനൊടുക്കുകയായിരുന്നു.