പുകയാക്രമണത്തെ ചൊല്ലി പാര്‍ലമെന്‍റില്‍ പ്രതിഷേധിച്ചതില്‍ ഏഴ് കോണ്‍ഗ്രസ് എം.പിമാരടക്കം 15 പേര്‍ക്ക് സസ്പെന്‍ഷന്‍. സഭാനടപടികള്‍ തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍.പ്രതാപന്‍, രമ്യ ഹരിദാസ്, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, ജ്യോതിമണി,വി.കെ.ശ്രീകണ്ഠന്‍, ബെന്നി ബഹനാന്‍ എന്നീ കോണ്‍ഗ്രസ് എംപിമാരെ ആദ്യം സസ്പെന്‍ഡ് ചെയ്തു പിന്നാലെ മറ്റ് ഏഴ് എംപിമാരെ കൂടി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. അക്രമികൾക്ക് പാസ് നൽകിയ ബിജെപി എംപിക്കെതിരെ നടപടി വേണമെന്നും മഹുവയെ പുറത്താക്കാന്‍ തിടുക്കം കാണിച്ച സര്‍ക്കാര്‍ സുരക്ഷാ വീഴ്ചയില്‍ നടപടി സ്വീകരിക്കുന്നില്ലെന്നും കോണ‍്ഗ്രസ് എംപിമാര്‍ ആരോപിച്ചു. അതേസമയം, ഇത്തരം ദൗര്‍ഭാഗ്യകരമായ കാര്യങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നും പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. സുരക്ഷാവീഴ്ചയെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയാനെ രാജ്യസഭാധ്യക്ഷനും സസ്പെന്‍ഡ് ചെയ്തിരുന്നു. ലോക്സഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷാംഗങ്ങള്‍ ചേംബറില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

 

അതേസമയം, പാര്‍ലമെന്‍റില്‍ കടന്നുകയറിയ സംഘം താമസിച്ചത് ഗുരുഗ്രാമിലാണെന്ന് കണ്ടെത്തി. ഗുരുഗ്രാമിലെ സെക്ടര്‍ ഏഴില്‍ വിശാല്‍ ശര്‍മയെന്നയാളുടെ വീട്ടിലാണ് പ്രതികള്‍ താമസിച്ചതെന്നാണ് പൊലീസ് പറയുന്നത്. വിശാല്‍ ശര്‍മയെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറംഗ സംഘമാണ് അതിക്രമം നടത്തിയതെന്നും ഇവര്‍ ജസ്റ്റിസ് ഫോര്‍ ആസാദ് ഭഗത് സിങ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ അംഗങ്ങളാണെന്നും ഡല്‍ഹി പൊലീസ് കണ്ടെത്തിയിരുന്നു.

 

സുരക്ഷാ വീഴ്ചയില്‍ പ്രതിപക്ഷം ജെപിസി അന്വേഷണം ആവശ്യപ്പെടും. ആക്രമണത്തിന്‍റെ ബുദ്ധികേന്ദ്രം അറസ്റ്റിലായ ഡി.മനോരഞ്ജനാണെന്നും ആസൂത്രകന്‍ ബംഗാള്‍ സ്വദേശിയും സ്കൂള്‍ അധ്യാപകനായ ലളിത് ഝായ്ക്ക് നിര്‍ദേശം നല്‍കിയത് ഇയാളാണെന്നും ഡല്‍ഹി പൊലീസ് വെളിപ്പെടുത്തി. നക്സല്‍ ഗ്രൂപ്പുകളുടെ രീതി അവലംബിച്ചാണ് ഇയാള്‍ പ്രവര്‍ത്തിച്ചതെന്നും പൊലീസ് പറയുന്നു. ബിജെപി എംപി  പ്രതാപ് സിംഹയുടെ ഒാഫിസിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു മനോരഞ്ജനെന്നും എംപിയുടെ മണ്ഡലത്തില്‍നിന്നുള്ള വ്യക്തിയെന്ന പരിഗണനയാണ് ലഭിച്ചതെന്നും പൊലീസ് കണ്ടെത്തി.

 

7 congress MPs suspended from Lok Sabha for disrupting house proceedings