ഉപരാഷ്ട്രപതിയെ ടിഎംസി എംപി പരിഹാസരൂപേണ അനുകരിച്ചതില്‍ കടുത്ത വിമര്‍ശനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും. കര്‍ഷകരെയും തന്‍റെ സമുദായത്തെയുമാണ് അപമാനിച്ചതെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മൗനം വേദനിപ്പിച്ചുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു.  ഇരുസഭകളും ഇന്നും തടസപ്പെട്ടു. എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്ത് മോദി സര്‍ക്കാര്‍ ജനാധിപത്യത്തിന്‍റെ കഴുത്തുഞെരിച്ചുവെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

 

പാര്‍ലമെന്‍റിന്‍റെ മുഖ്യകവാടത്തിലെ പ്രതിഷേധത്തിനിടെ ടിഎംസി എംപി കല്യാണ്‍ ബാനര്‍ജിയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ ഇന്നലെ പരിഹാസരൂപേണ അനുകരിച്ചത്. രാഹുല്‍ ഗാന്ധി ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പ്രധാനമന്ത്രി ഉപരാഷ്ട്രപതിയെ ഫോണില്‍ വിളിച്ച് സംഭവത്തില്‍ കടുത്ത വേദനയുണ്ടെന്ന് അറിയിച്ചു. ഇരുപത് വര്‍ഷമായി താനും ഇത്തരം അവഹേളനങ്ങള്‍ക്ക് ഇരയാണെന്ന് മോദി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കില്ലെന്ന് ഉപരാഷ്ട്രപതി പ്രധാനമന്ത്രിയെ അറിയിച്ചു. ജനപ്രതിനിധികളുടെ പെരുമാറ്റം അന്തസ്സോടെയാകണമെന്ന് രാഷ്ട്രപതി പ്രതികരിച്ചു. സ്പീക്കര്‍ ഉപരാഷ്ട്രപതിയെ നേരില്‍ക്കണ്ട് പിന്തുണ അറിയിച്ചു. താന്‍ എന്ന വ്യക്തിയല്ല അല്ല ഉപരാഷ്ട്രപതി പദവിയാണ് അവഹേളിക്കപ്പെട്ടതെന്ന് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.

 

ഉപരാഷ്ട്രപതിയോട് ബഹുമാനമാണെന്നും അപമാനിച്ചിട്ടില്ലെന്നും കല്യാണ്‍ ബാനര്‍ജി വിശദീകരിച്ചു. പ്രതികരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി. ഉപരാഷ്ട്രപതിയോട് ആദരവ് പ്രകടിപ്പിച്ചും പ്രതിപക്ഷത്തോട് പ്രതിഷേധിച്ചും ഭരണപക്ഷ എംപിമാര്‍ രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ എഴുന്നേറ്റുനിന്നു. രാജ്യസഭ നിരന്തരം തടസപ്പെട്ടു. പ്രതിപക്ഷ നേതാക്കളും സസ്പെന്‍ഷനിലായ എംപിമാരും ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. ലോക്സഭയുടെ നടുത്തളത്തില്‍ മുദ്രാവാക്യം വിളിച്ച എ.എം ആരിഫും തോമസ് ചാഴികാടനും അടക്കം നാല് എംപിമാരെ സ്പീക്കര്‍ താക്കീത് ചെയ്തു. പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ച്ച ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നും മാധ്യമങ്ങളോട് മാത്രം പ്രതികരിച്ച് പ്രധാനമന്ത്രി പാര്‍ലമെന്‍റിനെ അപമാനിച്ചുവെന്നും കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സോണിയ ഗാന്ധി വിമര്‍ശിച്ചു.  

 

Jagdeep Dhankhar Mimicry Row: President Murmu, PM Modi express concern over MPs' theatrics