മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസ് തടഞ്ഞുവച്ച വിമാനം മുംബൈയിലെത്തി. യാത്രക്കാരെ സിഐഎസ്എഫ് ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായവരെ സ്വദേശങ്ങളിലേക്ക് മടക്കി അയച്ചു. നിക്വരാഗ്വ വഴി അമേരിക്കയിലേക്ക് കുടിയേറാൻ    ശ്രമിച്ച ഇന്ത്യൻ പൗരൻമാരാണ് പിടിയിലായത്. 

 

മധ്യ അമേരിക്കൻ രാജ്യമായ നിക്വരാഗ്വ വഴി അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റ നീക്കമാണ് ഫ്രഞ്ച് അധികാരികളുടെ ഇടപെടലിൽ പൊളിഞ്ഞത്. 303 യാത്രക്കാരുമായി ദുബയിൽ നിന്ന് പുറപ്പെട്ട റൊമാനിയയുടെ ലെജൻഡ് എയർലൈൻസ് വിമാനം, യന്ത്രത്തകരാറിനെ തുടർന്ന് ഫ്രാൻസിലെ വാട്രിയിൽ അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. മനുഷ്യക്കടത്തെന്ന സൂചനയെത്തുടർന്ന് ഫ്രാൻസ്, വിമാനം തടഞ്ഞുവച്ചു. പരിശോധനയിൽ 11 കുട്ടികളടക്കം ഭൂരിഭാഗവും ഇന്ത്യൻ പൗരൻമാരെന്ന് വ്യക്തമായി. 25 പേർ ഫ്രാൻസിൽ രാഷ്ട്രീയ അഭയം തേടി. ബാക്കിയുള്ളവർ ഇന്ത്യയിൽ മടങ്ങിയെത്തി.

 

മനുഷ്യക്കടത്തിൽ പങ്കില്ലെന്ന് വിമാനക്കമ്പനി അവകാശപ്പെട്ടു. വിമാനം ചാർട്ട് ചെയ്ത കമ്പനിയാണ് യാത്രക്കാരുടെ രേഖകൾ പരിശോധിച്ചത്. ഇക്കൊല്ലം മാത്രം 96, 917 ഇന്ത്യക്കാർ യുഎസിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റത്തിന് ശ്രമിച്ചെന്നാണ് കണക്കുകൾ .

 

Flight with Indians held in France over 'human trafficking' lands in Mumbai