ഗവര്‍ണരുടെ നയപ്രഖ്യാപനത്തോടുകൂടി ബജറ്റ് സമ്മേളനം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഗവര്‍ണര്‍ ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. എന്നാല്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാര്‍ പറയുന്നതെല്ലാം അപ്പടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ തയാറായേക്കില്ല.   

പരസ്പരം മിണ്ടാതെയും നോക്കാതെയുമാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇരുവരും പങ്കെടുത്തത്. ഇതാണ് മുഖ്യമന്ത്രിയും ഗവര്‍ണരും തമ്മിലുള്ള ബന്ധത്തിന്‍റെ നേര്‍ചിത്രം. ഇനി വരുന്നത് നയപ്രഖ്യാപനമെന്ന കടമ്പയാണ്.  അടുത്ത മന്ത്രിസഭാ യോഗത്തില്‍ നിയമസഭയുടെ ബജറ്റ് സമ്മേളന തീയതി തീരുമാനിക്കും. ഈ മാസം 25 മുതല്‍ സമ്മേളനം ചേരുന്നതാണ് പരിഗണനയില്‍. ഗവര്‍ണരുടെ നയപ്രഖ്യാപനത്തോടെയാണ് പുതുവര്‍ഷത്തിലെ ബജറ്റ് സമ്മേളനം ആരംഭിക്കേണ്ടത്. ഇതില്‍മാറ്റം വരുത്താന്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഉദേശിക്കുന്നില്ല.  

ഭരണഘടനാപരമായ ചുമതല ഗവര്‍ണര്‍നിര്‍വഹിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ പ്രസംഗത്തിന്‍റെ ഉള്ളടക്കം ഉള്‍പ്പെടെയുള്ളവയില്‍ എതിര്‍പ്പുയര്‍ത്താനും ഇടയുണ്ട്. അപ്രതീക്ഷിതമായി പ്രതിസന്ധി സൃഷ്ടിക്കാന്‍ ഗവര്‍ണര്‍ക്ക് മടിയില്ലെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. പേഴ്സണല്‍സ്്റ്റാഫ് അംഗത്തിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ ഒരിക്കല്‍ ഗവര്‍ണര്‍ നയപ്രഖ്യാപനത്തിനില്ലെന്ന് നിലപാടെടുത്തത് സര്‍ക്കാരിന് മുന്നിലുണ്ട്. ഒൗപചാരികതകള്‍ തുടരാനും എന്നാല്‍ ഗവര്‍ണരുടെ പിടിവാശികള്‍ക്ക് വഴങ്ങാതെ മുന്നോട്ട് പോകാനുമാണ് തീരുമാനം. സര്‍ക്കാര്‍ നീക്കങ്ങളനുസരിച്ചാവും രാജ്ഭവന്‍റെ പ്രതികരണം. ഇരുപക്ഷവും കാത്തിരുന്നുകാണാം എന്ന നിലപാടിലാണ്.

Govt to start budget session with governor's policy announcement