നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണ മണ്ഡപത്തിലാണ് ചടങ്ങ് നടന്നത്. രാവിലെ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികള്‍ സ്വീകരിച്ചു. ക്ഷേത്ര ദര്‍ശനത്തിന് പിന്നാലെയാണ് അദ്ദേഹം വിവാഹത്തില്‍ പങ്കെടുത്തത്. വധൂവരന്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി ഗുരുവായൂരില്‍ ഇന്ന് വിവാഹിതരായ മറ്റ് വധൂവരന്‍മാര്‍ക്കൊപ്പവും ചിത്രങ്ങളെടുത്തു. 

 

മമ്മൂട്ടിയും മോഹന്‍ലാലുമടങ്ങുന്ന വന്‍ താരനിരയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഗുരുവായൂരിലേക്ക് എത്തിയത്. ഖുശ്ഖു, ദിലീപ്, ജയറാം തുടങ്ങിയവരും ചടങ്ങുകളില്‍ പങ്കെടുത്തു. വിവാഹത്തിന്റെ തലേദിവസം നടന്ന ഹല്‍ദി ചടങ്ങുകളിലും താരങ്ങള്‍ കുടുംബസമേതം പങ്കെടുത്തിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

 

ഈ മാസം 19ന് സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കുമായി കൊച്ചിയില്‍ വിരുന്നൊരുക്കും എന്ന സൂചനയുണ്ട്. ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് വെച്ച് റിസപ്ഷൻ നടത്തും. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാ​ഗ്യയുടെ വരന്‍.  

 

PM Narendra Modi attends Suresh Gopi's daughter's marriage at Guruvayur temple