• '25 അംഗങ്ങളായി ചുരുക്കുമെന്നായിരുന്നു ഉറപ്പ്'
  • പുനഃസംഘടിപ്പിച്ചപ്പോള്‍ 36 ആയെന്ന് വിമര്‍ശനം
  • സജീവമല്ലാത്തവരെ ഉള്‍പ്പെടുത്തിയെന്ന് ആക്ഷേപം

കെപിസിസി രാഷ്ട്രീയകാര്യ സമിതിയും ജംബോ കമ്മറ്റിയാക്കി എന്ന് വിമർശനം. 25 അംഗങ്ങളിൽ ചുരുക്കുമെന്ന് ഉറപ്പുനൽകിയ കമ്മിറ്റി പുനസംഘടിപ്പിച്ചപ്പോൾ 36 ആയി. സജീവമല്ലാത്ത പലരെയും വ്യക്തിതാത്പര്യങ്ങളുടെ പേരിൽ തിരികെയറ്റിയെന്നും എ ഗ്രൂപ്പ്. വിമർശനങ്ങളെ തള്ളിയ ശശി തരൂർ എല്ലാവിഭാഗത്തിനും നല്ല പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്ന് പ്രതികരിച്ചു. 

 

കെപിസിസി ഭാരവാഹികൾ കൂടി ഉൾപ്പെടുന്ന നിർവാഹക സമിതിയുടെ അംഗബലം പോലും 56ൽ ഒതുങ്ങിനിൽക്കെ നയരൂപീകരണത്തിനുള്ള രാഷ്ട്രീയകാര്യസമിതി 36 ലേക്ക് ഉയർത്തിയതാണ് ഏ ഗ്രൂപ്പ് ചോദ്യം ചെയ്യുന്നത്. പൊതു മാനദണ്ഡങ്ങൾ പോലും പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന എ ഗ്രൂപ്പിനെ ചൊടിപ്പിച്ചത് ഡീൻ കുര്യാക്കോസിനെ ഉൾപെടെ തഴഞ്ഞതാണ്. ജോസഫ് വാഴയ്ക്കനും എൻ.സുബ്രഹ്മണ്യനും ഇടം കിട്ടിയതോടെ ചെന്നിത്തല വിഭാഗത്തിന് പരാതികളില്ല. പുന: സംഘടനയിൽ കെ.സി.വേണുഗോപാൽ പക്ഷക്കാരായി കയറിക്കൂടിയവരാണ് കൂടുതൽ എങ്കിലും അവരൊക്കെ ഐ ഗ്രൂപ്പുകാരായത് കൊണ്ട് ചെന്നിത്തല വിഭാഗം തള്ളുന്നുമില്ല. വിമർശനം ശക്തമാകുമ്പോൾ എല്ലാം നല്ലതിന് വേണ്ടിയാണെന്ന് പറഞ്ഞുവയ്ക്കുകയാണ് സമിതിയിലെ പുതുമുഖമായ ശശി തരൂർ.

 

വി.എം.സുധീരനെ  അധ്യക്ഷനാക്കിയപ്പോൾ ഗ്രൂപ്പുകൾ ഉയർത്തിയ യുദ്ധഭീഷണി തണുപ്പിക്കാൻ 2016ൽ രാഷ്ട്രീയകാര്യ സമിതിക്ക് രൂപം നൽകുമ്പോൾ അംഗസംഖ്യ 21 ആയിരുന്നു. സമിതിയിലുണ്ടായിരുന്ന പിസി ചാക്കോയും കെവി തോമസും പാർട്ടി വിടുകയും എം.ഐ ഷാനവാസും ഉമ്മൻചാണ്ടിയും വിടവാങ്ങുകയും ചെയ്തതോടെ ഒഴിവുകൾ 4. അങ്ങനെ 17 അംഗങ്ങളിൽ ഒതുങ്ങിയ രാഷ്ട്രീയ സമിതിയെ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചിറങ്ങിയപ്പോൾ നേതൃത്വവും ഗ്രൂപ്പുകളും തമ്മിൽ ധാരണയിലെത്തിയത് 25 ൽ ഒതുക്കാൻ ആയിരുന്നു. ഇത് മുൻനിർത്തി ഗ്രൂപ്പുകൾ പേരുകളും നൽകിയിരുന്നു. ഇത് അട്ടിമറിക്കപ്പെട്ടെന്നാണ് എ ഗ്രൂപ്പ് ചൂണ്ടിക്കാണിക്കുന്നത്.

 

A group against KPCC political affairs committee